അനധികൃത മദ്യശേഖരം: മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ്; ലില്ലി ജോസിനായി അന്വേഷണം ഊർജിതം
മദ്യശേഖരം കണ്ടെത്തിയ വീട് 2022ൽ ജപ്തിചെയ്തതാണെന്നും ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ നിലപാട്
വയനാട്: ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റുചെയ്യാനുള്ള സാധ്യത മുൻനിർത്തിയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.
കഴിഞ്ഞദിവസം ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാൽ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. 2022ൽ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. നോട്ടീസ് നൽകുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് ലില്ലിക്കാകയുള്ള അന്വേഷണം ഊർജിതമാക്കിയത്.