‘ആശമാരുടെ മിനിമം കൂലി 700 ആക്കും’; സർക്കാരിനെ വെട്ടിലാക്കി എൽഡിഎഫ് പ്രകടനപത്രിക

2021 ലെ തെരഞ്ഞെടുപ്പിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് വാഗ്ദാനം

Update: 2025-03-03 12:13 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയം കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന വാദത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് പ്രകടനപത്രിക. ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്നും, മിനിമം കൂലി 700 രൂപയാക്കുമെന്നുമാണ് പ്രകടനപത്രികയിലെ അവകാശവാദം. അങ്ങനെയെങ്കിൽ പ്രതിമാസം 21,000 രൂപ ഓണറേറിയമായി നൽകുമെന്നാണ് എൽഡിഎഫ് വാഗ്ദാനം ചെയ്ത്. 2021 ലെ തെരഞ്ഞെടുപ്പിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് വാഗ്ദാനം.

എന്നാൽ 7000 രൂപയാണ് നിലവിൽ ​ഓ​ണറേറിയം നൽകുന്നത്. ഓ​ണറേറിയം വർദ്ധന ആവശ്യപ്പെട്ട് ആശമാർ സമരവുമായി രംഗത്തിറങ്ങിയതോടെ എൽഡിഎഫ് സർക്കാരും പാർട്ടിയും 'ആശ' കേന്ദ്ര സ്കീമാണെന്നും, ആശമാർക്ക് പണം നൽകേണ്ടത് കേന്ദ്രസർക്കാർ ആണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

Advertising
Advertising

ആശാവർക്കർമാർ തൊഴിലാളികൾ ആണെന്ന് പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. ഇൻസെന്റീവായി ഒരു രൂപ പോലും കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വർഷം തന്നിട്ടില്ല. കേരളം ആശമാർക്ക് നൽകുന്നതിനായി വിനിയോ​ഗിച്ച തുകയിൽ കേന്ദ്രവിഹിതമായി നൽകാനുള്ള 100 കോടി നൽകണമെന്ന ആവശ്യമുയർത്തി ഡൽഹിയിൽ സമരം ചെയ്യുന്നതിന് താനും ആശമാർക്കൊപ്പമുണ്ടാകും എന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്.

ആശാവർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം സർക്കാരിന്റെ ഔദാര്യമാണെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള ആശാ വർക്കർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി പ്രേമയുടെ പ്രതികരണം. എന്നാൽ ഇതിന് നേർവിപരീതമാണ് എൽഡിഎഫ് പ്രകടനപത്രികയിൽ ഉള്ളത്. പത്രികയിലെ സാമൂഹ്യ സുരക്ഷ എന്ന തലക്കെട്ടിന് കീഴിലാണ് ആശാ വർക്കർമാരുടെ കാര്യം പറയുന്നത്.

‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും’ എന്നും പത്രികയിൽ പറയുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News