ദേശീയപാത ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിക്കും

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു

Update: 2026-03-11 04:58 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. ഇന്ന് കൊച്ചിയിലാണ് ചടങ്ങ്. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കും.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് പ്രതികരിച്ചു.

Advertising
Advertising

'2014ല്‍ മുടങ്ങിപ്പോയ പദ്ധതി 2016ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് സാക്ഷാത്കരമായത്. സാധാരണ ഇത്തരം പരിപാടികള്‍ക്കൊക്കെ നിധിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വരാറുണ്ട്. പൊതുമരാമത്ത് മന്ത്രി ആരുമായിക്കൊള്ളട്ടെ. ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അടക്കം ക്ഷണിച്ചിരിക്കുകയാണ്. ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയാണോ? അതാത് വകുപ്പുകളില്‍ നിയമിക്കപ്പെട്ട ജനപ്രതിനിധികള്‍ വേണ്ടവിധത്തില്‍ പ്രയത്‌നിക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയേണ്ടതില്ലേ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്‌നം? ഇതെല്ലാം ജനാധിപത്യത്തിലെ മര്യാദയാണ്. ഇത്തരത്തില്‍ അവഗണിച്ചതുകൊണ്ട് മാത്രം അവരുടെ രാഷ്ട്രീയതന്ത്രം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതേണ്ടതില്ല'. മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു.

ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി അയ്യായിരത്തോളം രൂപ കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 22 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനത്തിലേക്കാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ അവഗണിച്ചത്. മുഖ്യമന്ത്രിയും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ദേശീയപാതയുടെ സാക്ഷാത്ക്കാരത്തിനായി പല പ്രതിസന്ധികള്‍ നേരിട്ടിട്ടും സ്ഥലം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതിനാലാണ് സര്‍ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് വിവരം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കൃഷ്ണന്‍കുട്ടിക്കും രാജേഷിനുമാണ് പരിപാടിയില്‍ ക്ഷണമുള്ളത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികള്‍ ബിജെപി പരിപാടിയാക്കി മാറ്റുകയാണ് നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. 'സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് ഞെട്ടിക്കുന്ന കാര്യം. പ്രോട്ടോകോള്‍ ലംഘനമാണ് നടന്നിരിക്കുന്നത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ഒഴിവാക്കുന്നത് ഞെട്ടിക്കുന്ന കാര്യം. ഗവണ്‍മെന്റ് ചടങ്ങുകള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ കോടതിയുടെ ഇടപെടലുണ്ടാകണം. ദേശീയപാത വികസനത്തെ എതിര്‍ത്തവര്‍ തന്നെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന്റെ വികസനത്തിന് എന്താണ് നല്‍കിയതെന്ന് വ്യക്തമാക്കണം. വട്ടപ്പൂജ്യമാണ് നല്‍കിയത്'.ശിവന്‍കുട്ടി പറഞ്ഞു.

'തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഈ കളികളെല്ലാമെന്ന് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് പോലും മനസിലാകും. രാജീവ് ചന്ദ്രശേഖറിന് സ്വയം നാണക്കേട് തോന്നണം. ഒരു പരിപാടിയും നേരെ ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്നില്ല. എല്ലായിടത്തും ഉന്തും തള്ളുമാണ്. ബിജെപിക്കാരുടെ തള്ളിച്ചയാണ്. സമ്പത്തിന്റെ കാര്യത്തില്‍ രാജീവുമായി മത്സരിക്കാനൊന്നും താന്‍ ആളല്ല. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ്. നേമത്ത് ഉള്ള സാധാരണക്കാരെല്ലാം ഇതിനോടകം പേടിച്ചിരിക്കുകയാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയാണ് കണ്ടതെന്ന് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചു. 'പൊതുമരാമത്ത് മന്ത്രിയെ വിളിക്കാതിരുന്നത് തികഞ്ഞ മര്യാദകേടായിരുന്നു. കേവലം മന്ത്രിസഭയെയോ സർക്കാരിനെയോ മാത്രമല്ല, കേരളത്തെ ഒന്നടങ്കം ബഹിഷ്കരിക്കാനുള്ള ശ്രമമാണുണ്ടായത്. ഇതിനുള്ള തിരിച്ചടി  കേരളം നൽകും. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്നലെയാണറിഞ്ഞത്. എന്നാൽ, മണ്ഡലത്തിൽ വേറെയും ഒരുപാട് പരിപാടികളുണ്ട്. ഇത്തരം ആഭാസങ്ങൾക്ക് കൊടുക്കാൻ സമയമില്ലാത്തതിനാൽ പോകുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News