നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ കെയര്‍ ഗിവറെ നിയോഗിച്ചു

Update: 2023-04-04 15:51 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പോലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.

ഈ കുഞ്ഞിന്റെ മൂത്ത സഹോദരന്‍ 9 വയസുകാരന്റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News