'പീഠം കൈവശമുണ്ടായിട്ടും സ്‌പോൺസർ മറച്ചുവെച്ചു'; ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ
ഇന്നലെയാണ് ശബരിമലയിൽ നിന്ന് കാണാതായ പീഠം സ്‌പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്
Photo| MediaOne | Special Arrangement
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണ പീഠം പരാതിക്കാരന്റെ വീട്ടിൽ കണ്ടെത്തിയതിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി വി.എൻ വാസവൻ. ഒളിപ്പിച്ച ശേഷം ഇതേ ആളിൻ്റെ വീട്ടിൽ നിന്ന് കിട്ടുന്നു .ആകെ നാടകം കളിക്കുകയാണ്. ഉണ്ണികൃഷ്ണനെ വിശ്വസിക്കാനാവില്ല. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കോടതി എന്തു പറയുന്നു എന്ന് നോക്കി ബാക്കി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് ശബരിമലയിൽ നിന്ന് കാണാതായ പീഠം സ്‌പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. പീഠം കാണാതെ പോയെന്ന് നേരത്തെ പരാതി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൾമുനയിൽ നിർത്തിയ ആരോപണത്തിനായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു പീഠം ഉണ്ടായിരുന്നത്. 2019 ൽ പീഠം ശബരിമലയിലേക്ക് കൊണ്ടുവന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരിചയക്കാരൻ വാസുദേവൻ ആണ്. 2021 മുതൽ പീഠം ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും വിജിലൻസ് മനസ്സിലാക്കി. വിവാദമായതോടെ ഇത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ കൊടുത്തു. ഈ മാസം 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തൽ. വാസുദേവന്റെ പക്കൽ പീഠം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. ദ്വാരപാലക ശില്പത്തിൽ പാകമാവാത്തതുകൊണ്ടാകാം പീഠം തിരികെ കൊണ്ടുപോയത്. എന്നാൽ അകാര്യം തന്നോട് വാസുദേവൻ അറിയിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ടാകും വിജിലൻസ് എസ്പി ഹൈക്കോടതിയിൽ സമർപ്പിക്കുക. സ്വർണ്ണപീഠം കണ്ടെത്തിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ ആശ്വാസമായിട്ടുണ്ട്.