മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; വിധി അഞ്ചുവര്‍ഷത്തെ നിയമപരിശോധനക്ക് ശേഷം

2018-ല്‍ ആരംഭിച്ച കേസില്‍ രണ്ടംഗ ബഞ്ചിന്‍റെ ഭിന്നവിധി വരുന്നത് ഈ വർഷം മാർച്ച് 31നാണ്

Update: 2023-11-13 01:09 GMT
Editor : Jaisy Thomas | By : Web Desk

പിണറായി വിജയന്‍

Advertising

തിരുവനന്തപുരം: അഞ്ച് വർഷത്തെ നിയമപരിശോധനക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് വിധി പറയുന്നത്. 2018-ല്‍ ആരംഭിച്ച കേസില്‍ രണ്ടംഗ ബഞ്ചിന്‍റെ ഭിന്നവിധി വരുന്നത് ഈ വർഷം മാർച്ച് 31നാണ്. ഇതോടെയാണ് മൂന്നംഗബഞ്ച് വാദം കേട്ട് അന്തിമ വിധിയില്‍ എത്തിയിരിക്കുന്നത്.

എന്‍.സി.പിയുടെ അന്തരിച്ച നേതാവ് ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാന്‍ 2017 ജൂലൈയില്‍ എടുത്ത മന്ത്രിസഭ തീരുമാനം, സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അന്തരിച്ച പൊലീസുകാരൻ പ്രവീണിന്‍റെ കുടംബത്തിന് 20 ലക്ഷം രൂപ കൊടുക്കാൻ 2017 ഒക്ടോബർ പത്തിനുള്ള മന്ത്രിസഭ തീരുമാനം ,സി.പി.എം മുന്‍ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നൽകാൻ 2018 ജനുവരി 24 നുള്ള മന്ത്രിസഭ തീരുമാനം. ഇതെല്ലാം മാനദണ്ഡങ്ങള്‍ മറികടന്നാണെന്നാണ് പരാതിക്കാരനായ ആർ.എസ് ശശികുമാർ 2018 സെപ്തംബർ 27ന് ലോകായുക്തയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.

ഇതില്‍ പ്രാഥമിക വാദം കേട്ട ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ഫുൾ ബഞ്ച് പരാതിയിൽ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും വിധിച്ചു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ചു. ഇതിനിടെ ലോകായുക്ത പയസ് സി. കുര്യാക്കോസ് മാറി ജസ്റ്റിസ് സിറിയക് ജോസഫ് ചുമതയേറ്റു. 2022 മാർച്ച് 18 ന് ഹരജിയില്‍ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് 2023 മാർച്ച് 31ന് ലോകായുക്തയുടെ രണ്ടംഗ ബഞ്ച് വിധി പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ,ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നിവർക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെ ഹരജി മൂന്നംഗ ബഞ്ചിന് വിട്ടു. ഇതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കില്‍ ഹരജി തള്ളി. ഇതിന് ശേഷം ലോകായുക്ത ഫുള്‍ ബഞ്ചില്‍ വിശദവാദം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇന്ന് വിധി പറയുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News