സ്ത്രീധന വിവാഹങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി
സ്ത്രീധന പീഡനം പുറത്തുപറയാന്‍ പെണ്‍കുട്ടികള്‍ക്കു ധൈര്യം ലഭിക്കും വിധം സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
സ്ത്രീധനം നൽകിയുള്ള വിവാഹ ചടങ്ങുകളിൽ നിന്ന് ജനപ്രതിനിധികൾ വിട്ടു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്ന് വരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സ്ത്രീധന വിരുദ്ധ അക്രമങ്ങളില്‍ നിയമപരമായ എന്തു നടപടിയെടുക്കാനും നിയമപാലകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമേ സ്ത്രീധന പരാതികള്‍ പൊലീസിന് മുന്നില്‍ എത്തുന്നുള്ളു. എന്നാല്‍ സ്ത്രീധനം ഉള്‍പ്പെട്ട വിവാഹമാണ് നടക്കുന്നത് എന്ന് ബോധ്യപ്പെട്ടാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. സ്ത്രീധനത്തിനെതിരെ സാമൂഹ്യമായ എതിര്‍പ്പ് ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തുവന്നാല്‍, ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പുറത്തുപറയാന്‍ പെണ്‍കുട്ടികള്‍ക്കും ധൈര്യം വരും. സ്ത്രീധനം നല്‍കികൊണ്ടൊരു വിവാഹം തനിക്ക് വേണ്ടതില്ലെന്ന് പെണ്‍കുട്ടിയും, സ്ത്രീധനം വാങ്ങികൊണ്ടൊരു വധുവിനെ വേണ്ടതില്ലെന്ന് യുവാക്കളും തീരുമാനിക്കുന്ന തരത്തില്‍ ബോധവത്കരണം ഉയര്‍ത്തികൊണ്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധന അക്രമത്തെ സംബന്ധിച്ചുള്ള പരാതികള്‍ മുന്നിലെത്തിയാല്‍ നിയമപരമായി തന്നെ അതിനെതിരെ കര്‍ക്കശമായ നടപടികള്‍ ഇപ്പോള്‍ കൈക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.