കുരങ്ങുവസൂരി; ചികിത്സയ്ക്കും നിരീക്ഷണത്തിനുമുള്ള എസ്.ഒ.പി പുറത്തിറക്കി

എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു.

Update: 2022-07-20 03:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കലക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കുരങ്ങുപനിയാണെന്ന് സംശയിക്കണം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, പി.പി.ഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്.

Advertising
Advertising

പി.സി.ആര്‍ പരിശോധനയിലൂടെയാണ് കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ചികിത്സിക്കണം. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡി.എസ്.ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍.ഐ.വി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയക്കാനുള്ള ചുമതല ഡി.എസ്.ഒക്കായിരിക്കും.

ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാവൂ. ഡി.എസ്.ഒയ്ക്ക് ശരിയായ വിവരം നല്‍കി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം റഫര്‍ ചെയ്യേണ്ടത്.

കുരങ്ങുപനി സ്ഥിരീകരിച്ച കേസുകള്‍, കേന്ദ്രത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. രോഗബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതാണ്.

രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വരുമ്പോള്‍ പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡി.എസ്.ഒയുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉണ്ട്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ തെര്‍മ്മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കില്‍ ഡി.എസ്.ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയില്‍ അവരെ മാറ്റും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ജില്ലാ മാനസികാരോഗ്യ സംഘം ദിവസവും ടെലിഫോണിലൂടെ മാനസിക പിന്തുണ നല്‍കും.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം വിലയിരുത്തും. ദിവസവും രണ്ട് നേരം ടെലഫോണിലൂടെ ഇവരെ വിളിച്ചാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നത്. മാത്രമല്ല അവരുടെ താപനില ദിവസവും രണ്ട് നേരം സ്വയം രേഖപ്പെടുത്തണം. നിരീക്ഷണ ചുമതലയുള്ള ജെ.എച്ച്‌.ഐ/ജെ.പി.എച്ച്.എന്‍ അല്ലെങ്കില്‍ ആശവര്‍ക്കര്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കണം. അവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പനി ഉണ്ടായാല്‍, അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ക്ലിനിക്കല്‍, ലാബ് പരിശോധന നടത്തുകയും വേണം. ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാമ്പിളുകള്‍ കുരങ്ങുപനി പരിശോധനയ്ക്ക് അയക്കണം.

നിരീക്ഷണ കാലയളവില്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കം പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം ഉള്ളവര്‍ രക്തം, കോശങ്ങള്‍, ടിഷ്യു, അവയവങ്ങള്‍, സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല. രോഗം ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News