'പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുന്‍പ് അന്യഗ്രഹത്തിലെത്തണം'; അരുണാചലിലെ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മറ്റൊരു ലോകത്ത് പുനർജനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു

Update: 2024-04-08 07:27 GMT

ദേവി/നവീന്‍/ആര്യ

തിരുവനന്തപുരം: അരുണാചലിൽ മരിച്ച നവീൻ ഏഴ് വർഷം മുന്‍പെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ്. ഉയർന്ന സ്ഥലത്ത് മരിക്കണമെന്ന അന്ധവിശ്വാസമാണ് മരിക്കാൻ അരുണാചലിലെ സിറോ തെരഞ്ഞെടുത്തതിന്‍റെ കാരണം. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനുമുൻപ് അന്യഗ്രഹത്തിൽ പോയി ജീവിക്കണമെന്നുമുള്ള ചിന്തകളുമാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. മറ്റൊരു ലോകത്ത് പുനർജനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. മുൻപും ഉയർന്ന പ്രദേശത്തേക്ക് പോകാൻ നവീൻ ശ്രമം നടത്തിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു.

ഒരു നാള്‍ പ്രളയം വരും, അങ്ങനെ ലോകം നശിക്കും. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ട്. അവിടെ പുനര്‍ജനിക്കണം. ഇതായിരുന്നു നവീന്‍റെ വിശ്വാസം. ഇക്കാര്യം നവീൻ തന്‍റ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായുള്ള മൊഴികളും പൊലീസിന് ലഭിച്ചു. ആദ്യം പർവതമുകളിലെ ജീവിതമായിരുന്നു ലക്ഷ്യം. അതിന് വേണ്ടി ഒന്നര വര്‍ഷം മുൻപ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യ ദേവിയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. പര്‍വതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ചും നവീന്‍ തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്‍റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്‍റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പര്‍വതമുകളിലെ ജീവിതമെന്ന ചിന്ത പിന്നീട് ഉപേക്ഷിക്കുകയും പുനര്‍ജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയിലേക്ക് എത്തുകയും ചെയ്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

Advertising
Advertising

നവീന്‍റെ ഈ ചിന്തയില്‍ ദേവി വിശ്വസിച്ചു. ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഉയർന്ന പ്രദേശത്ത് വെച്ച് ജീവിതം അവസാനിപ്പിക്കുക എന്ന ആലോചനയാണ് അരുണാചലിലെ സിറോയിൽ മൂവരെയും എത്തിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ വിശദമായ പരിശോധനയാണ് പൊലീസ് നടത്തിയത്. ബന്ധുക്കളില്‍ നിന്ന് മൊഴിയും പൊലീസ് രേഖപ്പെടുത്തി. മരിച്ച മൂന്ന് പേരുടെ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ പൊലീസ് തീരുമാനം. ഇക്കാര്യത്തില്‍ മനോരോഗ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.

മരിച്ച ആര്യയുടെ ലാപ്ടോപ്പില്‍ നിന്നും ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന വിചിത്ര രേഖകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും രേഖകളിൽ പറയുന്നു. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള അന്യഗ്രഹ ജീവിയുമായി സംഭാഷണം നടത്തിയതായി അവകാശപ്പെടുന്ന രേഖകളാണ് കണ്ടെത്തിയത്.2010 മുതല്‍ അന്യഗ്രഹ ജീവിയുമായി സംസാരിച്ചെന്നാണ് അവകാശവാദം.

മരണാനന്തര ജീവിതത്തെക്കുറിച്ചല്ല, അന്യഗ്രഹ ജീവിതത്തെക്കുറിച്ചാണ് മരിച്ച ആര്യയും നവീനും ദേവിയും കൂടുതലായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നെതന്ന നിഗമനത്തിലാണ് പൊലീസ്. ഭൂമിയില്‍ ഊര്‍ജം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇനി ഇവിടെ ജീവിക്കുന്നത് അപകടകരമാണെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് പോകാം എന്നുമാണ് ലാപ്ടോപ്പില്‍ കണ്ടെത്തിയ രേഖകളില്‍ പറയുന്നത്.മനുഷ്യവാസമുള്ള നൂറുക്കണക്കിന് ഗ്രഹങ്ങള്‍ വേറെയും ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. അത്തരത്തിലുള്ള ഗ്രഹങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള നൂറുക്കണക്കിന് വിചിത്രമായ കാര്യങ്ങളാണ് രേഖകളിലുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയാളി ദമ്പതികളെയും യുവാവിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ , ഭാര്യ ദേവി, എന്നിവര്‍ക്കൊപ്പമാണ് ആര്യയെ അരുണാചൽപ്രദേശിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സിറോ താഴ്വര. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു.ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് മരണത്തിന് മുന്‍പ് എഴുതിയ കണ്ടെടുത്തിരുന്നു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News