'മരിക്കുന്നത് വരെ എന്റെ മോൾ കണ്ണടച്ചിട്ടില്ല, ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കണമെന്ന് മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പാണ് ഡോക്ടർ പറഞ്ഞത്'; പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരിയുടെ അമ്മ

'പ്രസവിച്ചതിന് ശേഷം ഒരുനാള് പോലും മകളെ പിരിഞ്ഞുനിന്നിട്ടില്ല.നടത്തിക്കൊണ്ടുപോയ കുഞ്ഞിനെ ആംബുലൻസിൽ നേരെ പള്ളിപ്പറമ്പിലേക്കാണ് കൊണ്ടുപോയത്'

Update: 2025-11-02 07:03 GMT
Editor : Lissy P | By : Web Desk

ആലുവ: കേട്ട് നിന്നവരെ കണ്ണീരണിയിച്ച് മകളുടെ അവസാന നിമിഷങ്ങൾ പങ്കുവെച്ച് പേവിഷബാധയേറ്റ് മരണപ്പെട്ട ഏഴു വയസുകാരിയുടെ മാതാവ് .ആറുമാസം മുമ്പ് വീട്ടിൽ വച്ച് പേപ്പട്ടിയുടെ കടിയേറ്റ് ശേഷം മരണപ്പെട്ടതു വരെയുള്ള നിമിഷങ്ങൾ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു കൊല്ലം സ്വദേശി എൻ.ഹബീറ . ആലുവയില്‍ നടന്ന പേപ്പട്ടി കടിയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.

'അസുഖബാധിതയായി കുറേനാൾ ആശുപത്രിയിൽ കിടന്ന് മരിച്ചയാളല്ല എന്റെ കുഞ്ഞ്.വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ മുറ്റേത്തിറങ്ങുകയും പട്ടി കടിക്കുകയും ചെയ്താണ് എന്റെ മകൾ മരിച്ചത്. അതിലുണ്ടായ ചികിത്സാ പിഴവ് കൊണ്ടാണ് മരിച്ചത്. ഒരിക്കലും പട്ടികളെ കൊന്നുകളയണമെന്ന് പറയുന്നില്ല. പട്ടികൾക്ക് ഷെൽട്ടറൊക്കി അവരെ ജനവാസമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കുട്ടികൾ പാറിനടക്കേണ്ടവരാണ്.മുറ്റത്തോ,വീട്ടിനകത്തോ കിടന്നുറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ്.. 'ഹബീറ പറഞ്ഞു.

Advertising
Advertising

ആറ് മാസം മുമ്പാണ് വീട്ടിൽ കളിച്ച് കൊണ്ടിരുന്ന ഹബീറയുടെ മകള്‍ നിയ ഫൈസലിനെ പട്ടി കടിച്ചത്. തുടർന്ന് പേവിഷ ബാധയേല്‍ക്കുകയായിരുന്നു. 

'പേവിഷബാധയെന്നത് കേട്ടറിവ് മാത്രമായിരുന്നു എനിക്ക്.എന്നാൽ എന്റെ ജീവിതത്തിൽ വന്നപ്പോഴാണ് അതെത്രത്തോളം ഭയാനകമാണെന്ന് മനസിലായത്. ഒരമ്മക്കും കാണാൻ സാധിക്കാത്തത്രയും ഭയാനകമായിരുന്നു എന്റെ കുഞ്ഞിന്റെ അവസ്ഥ.പട്ടി കടിച്ച് രണ്ടാഴ്ച മാത്രമേ എന്റെ കുഞ്ഞ് കൂടെയുണ്ടായിരുന്നൊള്ളൂ. എന്റെ കൺമുന്നിൽവെച്ചാണ് അവള് മരിച്ചത്. 99 ശതമാനവും കുഞ്ഞ് മരിക്കും. അവളുടെ മുന്നിലിരുന്ന് കരയാൻ പാടില്ല,എന്ത് ചോദിച്ചാലും വാങ്ങിക്കൊടുക്കണമെന്ന് മരിക്കുന്നതിന്റെ ഒരുദിവസം മുമ്പാണ് ഡോക്ടർ എന്നോട് പറഞ്ഞത്.എന്ത് വാങ്ങിച്ചുകൊടുത്താലും പകരമാകില്ല.ഒരു കേക്ക് വാങ്ങിച്ചുകൊടുത്തിട്ട് അതിന്റെ രുചിപോലും അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. എസ്‌ഐടി ആശുപത്രിയിലേക്ക് പോകുന്ന വഴി ആംബുലൻസിൽ അരമണിക്കൂർ ഉറങ്ങിയതല്ലാതെ മകൾക്ക് കണ്ണടക്കാൻ പോലുമായിരുന്നില്ല. അത്രത്തോളം പേവിഷബാധ കുഞ്ഞിന്റെ തലച്ചോറിന് ബാധിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഒരു ശതമാനമെങ്കിലും പ്രതീക്ഷിച്ചാണ് ഞാൻ വെന്റിലേറ്ററിൽ കുഞ്ഞിന്റെ കൂടെയിരുന്നത്. ഓക്‌സിജൻ കുറയുമ്പോൾ പടച്ചോനെ വിളിക്കും. ഈ നാടിന്റെയും നാട് ഭരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ് എന്റെ മകൾ മരിച്ചത്.ആരെയും കുറ്റപ്പെടുത്താനല്ല,ഓരോ കുഞ്ഞും നമ്മുടെ കൈയിൽ നിന്ന് വിട്ടുപോകുന്നത് സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ഇത് പറയുന്നത്. ആറുമാസമായി എന്റെ കുഞ്ഞിനെ കണ്ടത്'. മകളെ ഓർത്ത് ഹബീറ വിതുമ്പി.

'നടത്തിക്കൊണ്ടുപോയ കുഞ്ഞിനെ ആംബുലൻസിൽ നേരെ പള്ളിപ്പറമ്പിലേക്കാണ് കൊണ്ടുപോയത്. അവളുടെ മൃതദേഹം പൊതിയുമ്പോഴാണ് അവളെ അവസാനമായി കണ്ടത്.പ്രസവിച്ചതുമുതൽ ഒരുദിവസം പോലും അവളെ പിരിഞ്ഞിരുന്നിട്ടില്ല.ആറുമാസമായി അവളെയൊന്ന് കണ്ടിട്ട്. ഇന്നും ഞങ്ങളുടെ വീട്ടിന് ചുറ്റും പട്ടികളാണ്. ഓരോരുത്തരും വേസ്റ്റുകൾ കൊണ്ടിടുകയാണ്. കുഞ്ഞ് മരിച്ച് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെ ഒരുലോഡ് പട്ടികളെ ആരോ ഇറക്കിവിട്ടു.കുട്ടികൾ കളിക്കുന്ന സ്‌കൂൾ ഗ്രൗണ്ടിൽ പോലും നിറയെ പട്ടികളാണ്. എന്റെ കുഞ്ഞിന്റെ അവസ്ഥ ആർക്കുമുണ്ടാകരുത്. അത് കണ്ടുനിൽക്കാനാകില്ല.അവസാനമായി ഒരു തുള്ളി വെള്ളം പോലും കൊടുക്കാനാകാതെ കരഞ്ഞുനിൽക്കാനേ സാധിക്കൂ..എനിക്ക് മുട്ടാൻ വാതിലുകളില്ല. ഒരു വാക്‌സിൻ ചെല്ലാത്തതിന്റെ പേരിലാണ് എന്റെ കുഞ്ഞിന്റെ ജീവൻ പോയത്. ഇന്ന് കൊറോണക്ക് പോലും മരുന്നുണ്ട്, പേവിഷബാധ വന്നാൽ 100 ശതമാനം മരണം ഉറപ്പാണ്. എന്തുകൊണ്ട് ഈ ഒരു അസുഖത്തിന് മാത്രം ആരും പരിഹാരം കാണുന്നില്ല'. ഹബീറ ചോദിച്ചു. 

തെരുവ് നായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, ശിശുഭവൻ പ്രസിഡൻറ് അഡ്വ, ചാർലിപ്പോൾ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. സമരവേദിയിൽ തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാൻസ് ഗ്രൂപ്പിൻ്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു.തെരുവ് നായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും കടിയേറ്റവരും വാഹനാപകടത്തിലും മറ്റും പരിക്ക് പറ്റിയവരുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News