ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് റിമാൻഡിൽ
ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് റിമാൻഡിൽ. താമരശ്ശേരി കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും. മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം കോഴിക്കോട്ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഷുഹൈബ് കീഴടങ്ങിയിരുന്നു.
ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ് ചോദ്യം എംഎസ് സൊലൂഷ്യന്‍സിലെത്തിയത്. മേല്‍മുറിയിലെ ഒരു സ്വകാര്യ ഹയർസെക്കന്‍ഡറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പർ ചോർത്തി നല്‍കിയ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് ചോർത്തി നല്കിയത്. മുന്‍വർഷങ്ങളിലും ചോദ്യങ്ങള്‍ ചോർത്തിയതായും നാസർ മൊഴി നല്‍കിയിരുന്നു.അബ്ദുല്‍ നാസർ കേസില്‍ നാലാം പ്രതിയാകും. ഫഹദും മറ്റൊരു അധ്യാപകന്‍ ജിഷ്ണുവും റിമാന്‍ഡിലാണ്.
പിടിയിലായ അൺ എയ്ഡഡ് സ്കൂൾ പ്യൂൺ അബ്ദുൽ നാസറിനെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.