മുകേഷിന്‍റെ ഫോൺ സംഭാഷണ വിവാദം; മുൻ എം.എല്‍.എ എം ഹംസയ്ക്കെതിരെ സി.പി.എം യോഗത്തില്‍ വിമർശനം

വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗം വിമര്‍ശിച്ചത്.

Update: 2021-07-07 15:17 GMT
Advertising

കൊല്ലം എം.എല്‍.എ മുകേഷ് ഫോണിലൂടെ വിദ്യാര്‍ഥിയോട് കയര്‍ത്തുസംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഒറ്റപ്പാലം മുൻ എം.എല്‍.എ എം ഹംസയ്ക്കെതിരെ വിമർശനം. വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. 

മുകേഷിനെ ഫോണ്‍ വിളിച്ച കുട്ടി ബാലസംഘം പ്രവർത്തകനല്ലെന്നും ബാലസംഘം പ്രവർത്തകനെന്ന് ഹംസ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്നുമാണ് യോഗം വിമർശിച്ചത്. തുടർന്ന് ചേർന്ന ഒറ്റപ്പാലം ഏരിയയിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലും വിഷയം ചർച്ചയായി. യോഗത്തിൽ നിന്നും എം ഹംസ വിട്ടു നിന്നിരുന്നു. 

മുകേഷിന്‍റെ ഫോണ്‍ സംഭാഷണം വിവാദമായതോടെ വിശദീകരണവുമായി എം ഹംസ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥി ഫോൺ വിളിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്നാണ് ഹംസ വ്യക്തമാക്കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും കുട്ടി ബാലസംഘം പ്രവർത്തകനാണെന്നും ഹംസ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവും തമ്മിലുള്ള ഫോണ്‍കോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്തു സഹായത്തിനാണ് വിളിച്ചതെന്നന്വേഷിക്കാതെ, മുകേഷ് കുട്ടിയോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു.  മുകേഷിന്‍റെ ഈ പ്രതികരണമാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News