സോഷ്യലിസ്റ്റ് രാഷ്ട്രീയ മൂശയില്‍ സ്വന്തം രാഷ്ട്രീയം വാര്‍ത്തെടുത്ത മുലായം സിങ് യാദവ്

പരാജയത്തിന്‍റെ താഴ്‌വരയിൽ നിന്ന് വിജയത്തിന്‍റെ കൊടുമുടിയിലേക്കു പറന്നിറങ്ങാനുള്ള ശേഷിയുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു ഈ യാദവൻ

Update: 2022-10-10 08:19 GMT

ഡല്‍ഹി: സോഷ്യലിസ്റ്റ് രാഷ്ട്രീയ മൂശയിലാണ് സ്വന്തം രാഷ്ട്രീയം മുലായം സിങ് യാദവ് വാർത്തെടുത്തത്. പരാജയത്തിന്‍റെ താഴ്‌വരയിൽ നിന്ന് വിജയത്തിന്‍റെ കൊടുമുടിയിലേക്കു പറന്നിറങ്ങാനുള്ള ശേഷിയുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു ഈ യാദവൻ . അധികാരവുമായി സോഷ്യലിസ്റ്റുകളെ കൂട്ടിയിണക്കി ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ നായകനായി അരനൂറ്റാണ്ട് മുലായം നിറഞ്ഞു നിന്നു .

ആഗ്ര സർവകലാശാലയിൽ എം.എ രാഷ്ട്രതന്ത്രം പഠിച്ചിറങ്ങുമ്പോൾ അയൽ ജില്ലക്കാരൻ കൂടിയായ റാം മനോഹർ ലോഹ്യ ഉയർത്തിയ സോഷ്യലിസത്തിൽ മുലായത്തിന്‍റെ മനസുറച്ചു. ജയപ്രകാശ് നാരായണന്‍റെയും ലോഹ്യയുടെയും ശിഷ്യനായ മുലായത്തിന് ഒരു ലോഹ്യവും കോൺഗ്രസുമായുണ്ടായില്ല. പിന്നാക്ക -ന്യൂനപക്ഷ വോട്ട് തുന്നിചേർത്ത മുലായത്തിന്‍റെ രാഷ്ട്രീയ വളർച്ച അതിവേഗത്തിലായിരുന്നു. മണ്ഡൽ കമ്മീഷൻ ഉയർത്തി വിട്ട പ്രക്ഷോഭവും അതിനു ശേഷം എൽ.കെ അദ്വാനിയുടെ രഥയാത്രയും ബാബരി മസ്ജിദിന്‍റെ തകർച്ചയും യു.പി രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റി.

Advertising
Advertising

കലങ്ങിമറിഞ്ഞ യുപിയുടെ ഈ രാഷ്ട്രീയ കാലാവസ്ഥ മുലായത്തിന്‍റെ രാഷ്ട്രീയത്തിന് അനുകൂലമായി. പിന്നാക്ക -ന്യൂനപക്ഷ നിലപാടുകൾ സ്വീകരിച്ച ഈ ചുവപ്പുതൊപ്പിക്കാരനിൽ വലിയ വിഭാഗം നേതാജിയെ കണ്ടെത്തിയപ്പോൾ എതിരാളികൾ മൗലാനാ മുലായം വിളികളുമായി പരിഹാസമുയർത്തി. സൈക്കിൾ ആയിരുന്നു സ്വന്തം പാർട്ടിക്ക് ചിഹ്നമായി മുലായം തെരഞ്ഞെടുത്തത്. മതേതരത്വവും സോഷ്യലിസവും രണ്ടു വീലുകളാക്കി മുലായം ചവിട്ടിക്കയറിയത് യുപിയിലെ സാധാരണക്കാരന്‍റെ മനസിലേക്കായിരുന്നു

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും ഞെട്ടിക്കുന്ന പ്രസ്താവനകളും കൊണ്ട് എക്കാലത്തും വിവാദ മണ്ഡലത്തിൽ മുലായം നിറഞ്ഞു നിന്നു. ബലാത്സംഗത്തിന് വധശിക്ഷ വേണ്ടെന്ന് നിലപാട് ന്യായീകരിക്കാൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന മുലായത്തെ പ്രതിക്കൂട്ടിൽ നിർത്തി. ഗുണ്ടാരാജാണ് നടത്തുന്നതെന്ന വിമർശനം എല്ലാ ഭരണകാലത്തും ഉയർന്നുവന്നു. പക്ഷേ പിന്നാക്ക രാഷ്ട്രീയത്തിന് പുതിയ വഴികൾ തുറന്ന മുലായം സിങ് യാദവ് ബാബരിയാനന്തര ഇന്ത്യയിൽ ബി.ജെ. പിയുടെ വർഗീയ രാഷ്ട്രീയത്തെ അവസാന നിമിഷം വരെ ചെറുത്തുനിന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News