മുനമ്പം ഭൂമിക്കേസ്; ഹൈക്കോടതി വിധിയിലെ പരാമർശം സംഘ്പരിവാർ പ്രസ്താവന പോലെ'; എം.സി മായിന്‍ ഹാജി
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ വഖഫ് ബോർഡ് ചൊവ്വാഴ്ച തിരുമാനമെടുക്കുമെന്നും മായിന്‍ ഹാജി മീഡിയവണിനോട്
എം.സി മായിന്‍ഹാജി Photo- mediaonenews
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ സംഘ്പരിവാർ പ്രസ്താവനയാണോ എന്ന് തോന്നുന്ന രീതിയിലുള്ളതാണെന്ന് വഖഫ് ബോർഡംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി.
'വിചിത്രമാണ് ഹൈക്കോടതി വിധി. ഒരു കോടതി വിധിയില്‍ വരാന്‍ പാടില്ലാത്ത പരാമർശങ്ങളാണ് ഉള്ളത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ വഖഫ് ബോർഡ് നാളെ തിരുമാനമെടുക്കുമെന്നും'- മായിന്‍ ഹാജി മീഡിയവണിനോട് പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്‍കിയാല്‍, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
അങ്ങനെയെങ്കില്‍ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പികമായ അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.
Watch Video Report