മുനമ്പം ഭൂമി; ഉമീദിൽ രജിസ്റ്റർ ചെയ്ത് ഇടത് ബോർഡ്, ഭരണം മാറിയപ്പോൾ 'ദേശാഭിമാനിക്ക്' ആശങ്ക
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും മുമ്പായിരുന്നു രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ വാർത്ത പുറത്തുവിട്ടതാകട്ടെ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം
കോഴിക്കോട്: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം മുനമ്പത്തെ ഭൂമി വഖഫ് സ്വത്താക്കി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് ഇടത് സർക്കാർ നിയമിച്ച വഖഫ് ബോർഡ്. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും മുമ്പായിരുന്നു രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ വാർത്ത പുറത്തുവിട്ടതാകട്ടെ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം. തുടർന്നാണ് സിപിഎം മുഖപത്രം ദേശാഭിമാനി ‘മുനമ്പത്ത് വീണ്ടും ആശങ്ക’ എന്ന പേരിൽ ഒന്നാം പേജിൽ വാർത്ത നൽകിയത്.
ലീഗുമായി തെറ്റിപ്പിരിഞ്ഞ് സി പി എം പാളയത്തിലെത്തിയ കെ.എസ് ഹംസയാണ് നിലവിൽ വഖഫ് ബോർഡ് ചെയർമാൻ. പിണറായി സർക്കാറിന്റെ കാലത്ത് രണ്ടുതവണ വഖഫ് ബോർഡ് ചെയർമാനായിരുന്ന എം.കെ സക്കീറിനെ മാറ്റിയ ശേഷമാണ് 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് സിപിഎം പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഹംസ ചെയർമാൻ സ്ഥാനത്തെത്തുന്നത്. സമസ്തയിലെ സി പി എം അനുകൂല പക്ഷക്കാരനായ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം, സിപിഎം നേതാക്കളായ രാജ്യസഭാ എംപി എ.എ.റഹീം, മുൻ എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി തുടങ്ങി സിപിഎം- ഇടത് അനുകൂലികളാണ് വഖഫ് ബോർഡിലുള്ളത്. ഈ കമ്മിറ്റിയുടെ നടപടിയാണ് അധികാരം കൈവിട്ടതോടെ ദേശാഭിമാനി ആശങ്ക എന്ന പേരിൽ അവതരിപ്പിക്കുന്നത്. മുനമ്പത്തു നിന്ന് ആരെയും കുടിയിറക്കില്ലെന്ന മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നടപടിയാണ് ഭൂമി രജിസ്ട്രേഷനെന്ന ധ്വനിയോടെ സിപിഎം മുഖപ്പത്രം വാർത്ത ചെയ്തിരിക്കുന്നത്:
വാർത്തയിൽ പറയുന്നത് ഇങ്ങനെ
ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്‌തു: മുനമ്പത്ത് വീണ്ടും ആശങ്ക
കൊച്ചി: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം മുനന്പത്തെ ഭൂമി വഖഫ് സ്വത്താക്കി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത് വീണ്ടും ആശങ്ക ഉയർത്തുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മുനമ്പം വഖഫ് ഭൂമി വിഷയം 10 മിനുട്ടുകൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ വി ഡി സതീശനടക്കം ഇക്കാര്യത്തിൽ ഇതുവരെ മിണ്ടിയിട്ടില്ല.
വഖഫ് സ്വത്തുക്കൾ ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര വഖഫ് ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മുനമ്പത്തെ 404.76 ഏക്കർ സ്ഥലം വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്‌തത്. നിലവിൽ വിഷയം സുപ്രീംകോടതിയുടെയും വഖഫ് ട്രിബ്യൂണലിന്റെയും പരിഗണനയിലാണ്. വഖഫ് തർക്കത്തിന്റെ പേരിൽ മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന നിലപാടാണ് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻനായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ച് ഭൂമിയിൽ മുനമ്പത്തുകാർക്കുള്ള അവകാശം ഉറപ്പിച്ചു. കമീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിൾബെഞ്ച് ചോദ്യംചെയ്‌തു.
സർക്കാർ സമർപ്പിച്ച അപ്പീലിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാന വിധി കഴിഞ്ഞ ഒക്‌ടോബർ 10ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി. ഇതോടെ കരമടയ്‌ക്കാൻ ഉത്തരവ് നൽകി. പോക്കുവരവിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്‌തു. ഇതിനിടയിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീർപ്പിനെതിരെ വഖഫ് സംരക്ഷണവേദിയും വഖഫ് ബോർഡും സുപ്രീംകോടതിയെ സമീപിച്ചത്. പിന്നാലെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. നടപടി നിയമവിരുദ്ധമാണെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി പ്രസ്‌താവനയിൽ പറഞ്ഞു