ചോറ്റി വാഹനാപകടത്തിൽ ട്വിസ്റ്റ്: ആത്മഹത്യാ ശ്രമമെന്ന് പൊലീസ്; കാർ ഡ്രൈവർക്കെതിരെ കേസ്
ഇന്ന് രാവിലെയായിരുന്നു മുണ്ടക്കയം-കാഞ്ഞിരപ്പള്ളി പാതയിൽ അപകടമുണ്ടാക്കിയത്
കോട്ടയം: കോട്ടയം മുണ്ടക്കയം ചോറ്റി വാഹനാപകടത്തിൽ ട്വിസ്റ്റ്. സംഭവിച്ചത് അപകടമല്ല ജീവനൊടുക്കാനുള്ള ശ്രമമെന്ന് പൊലീസ്. കാർ ഡ്രൈവർ കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെ 8:15ഓടെയായിരുന്നു അപകടം. മുണ്ടക്കയം-കാഞ്ഞിരപ്പള്ളി പാതയിലാണ് അപകടമുണ്ടായത്. ജീവനൊടുക്കുന്നതിനായി ഷാലോം അമിതവേഗതയിൽ കാർ ഓടിച്ച് മറ്റുള്ളവരുടെ വാഹനങ്ങളിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ അപകടത്തിൽ നാല് കാറുകൾ, ഒരു ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ എന്നിവ ഉൾപ്പെടെ ഏഴ് വാഹനങ്ങൾ തകർന്നിരുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഷാലോം ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.