ഇവര്‍ നഗര നായകര്‍; കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുതലയേറ്റു

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും

Update: 2025-12-26 08:00 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. തൃപ്പൂണിത്തുറ നഗരസഭ ഭരണം എൻഡിഎക്ക് ലഭിച്ചു. ബിജെപിയുടെ പി.എൽ ബാബു ചെയർമാനായി. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. പാലക്കാട്‌ നഗരസഭയും ബിജെപി നിലനിർത്തി.കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. കൽപ്പറ്റ നഗരസഭയിൽ എൽഡിഎഫിന്റെ പി.വിശ്വനാഥൻ ചുമതലയേറ്റു. പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ ചെയർപേഴ്സണാണ്. പാലാ നഗരസഭയിൽ ദിയ പുളിക്കക്കണ്ടം അധ്യക്ഷയായി. കണ്ണൂര്‍  തലശേരി നഗരസഭ ചെയർമാൻ ആയി കാരായി ചന്ദ്രശേഖരൻ തെരഞ്ഞടുക്കപ്പെട്ടു.ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ.

Advertising
Advertising

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

അതിനിടെ തൃശൂർ മേയറാക്കാൻ ഡിഡിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ആരോപണവുമായി മുതിർന്ന കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. പാർട്ടിക്ക് വേണ്ടിയാണ് പണം ചോദിച്ചത്. മേയറാകാൻ നിജി ജസ്റ്റിൻ പെട്ടിയുമായി പല സ്ഥലങ്ങളിൽ കയറി ഇറങ്ങിയെന്നും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചില ആളുകൾ ചേർന്നാണ് മേയർ സ്ഥാനം അട്ടിമറിച്ചെന്നും ലാലി ആരോപിച്ചു.കോർപ്പറേഷൻ ഭരണത്തിലേറുന്ന ആദ്യദിവസം തന്നെ ശോഭ കെടുത്തുന്നതായി ലാലി ജെയിംസിന്റെ ആരോപണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News