80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷന്‍; എന്നിട്ട് പഴി മുഴുവൻ യുഡിഎഫിന്‍റെ തലയിലിട്ടെന്ന് ലീഗ്

80:20 എന്ന സ്കീം വിഎസ് സർക്കാറിന് പറ്റിയ അബദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും

Update: 2021-05-29 07:15 GMT
Advertising

ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനെന്ന് ലീഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി. ഉത്തരവ് ഇറക്കിയത് 2011ൽ വിഎസ് സര്‍ക്കാരിന്‍റെ കാലത്താണ്. 80:20 എന്ന സ്കീം അന്നത്തെ സർക്കാറിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത് ചർച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി. പഴി മുഴുവൻ യുഡിഎഫിന്റെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഇനി എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കണം. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങൾക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഉത്തരവ് ഇറങ്ങിയത് വിഎസ് സര്‍ക്കാരിന്‍റെ കാലത്തെന്ന് ഇ.ടിയും

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച് ഇടത് മുന്നണി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം സംബന്ധിച്ച് മുൻമന്ത്രിമാരുടെ പ്രസ്താവന നുണയാണ്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി സർക്കാർ സത്യാവസ്ഥ മറച്ചുവെച്ചു. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത് 2011ലാണ്. 30-01-2011നാണ് മറ്റ് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് നിലവിൽ വന്നത്. ജൂണിലാണ് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയതെന്നും ഇ.ടി ചൂണ്ടിക്കാട്ടി. 

'സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണം'

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ മുസ്‍ലി ലീഗ്. സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണം. അല്ലെങ്കിൽ സുപ്രീംകോടതിയില്‍ അപ്പീൽ പോകണമെന്നും ലീഗ് നേതാവ് പിഎംഎ സലാം ആവശ്യപ്പെട്ടു. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ആനുകൂല്യം മുസ്‍ലിം സമുദായത്തിന് വേണ്ടിയായിരുന്നു. അത് പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്ന് പിഎംഎ സലാം പറഞ്ഞു. യുഡിഎഫ് ആണ് 80:20 അനുപാതം കൊണ്ട് വന്നതെന്ന പ്രചാരണം തെറ്റാണ്. 2011ൽ വിഎസ് സർക്കാരിന്‍റെ കാലത്താണ് ഈ അനുപാതത്തിൽ ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് കൊണ്ടുവന്നത്. മറ്റ് സമുദായങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും ലീഗ് എതിരല്ല. ഏതെങ്കിലും സമുദായത്തിന്റെ ആനുകൂല്യത്തിൽ നിന്നെടുത്തു മറ്റുള്ളവർക്ക് കൊടുക്കുന്നതിനെ എതിർക്കും. സംസ്ഥാന സർക്കാറിന്‍റെ നിലപാടറിഞ്ഞ ശേഷം ലീഗ് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തിലെ ആനുകൂല്യ വിതരണത്തിനോട് യോജിപ്പില്ലെന്ന് പാലോളി

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News