പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: 'ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?': എം.വി ഗോവിന്ദന്‍

തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

Update: 2025-12-04 14:26 GMT

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പാലമുണ്ടാക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News