പിഎം ശ്രീയിൽ പിന്നോട്ടില്ല, പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

പിഎം ശ്രീ പദ്ധതിയിൽ നിന്നടക്കം കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്നാണ് നിലപാടെന്നും അർഹതപ്പെട്ട പണം നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Update: 2025-10-24 15:14 GMT

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

8000 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. അർഹതപ്പെട്ട പണം കേരളത്തിന് ലഭിക്കുക തന്നെ വേണമെന്നും എല്ലാത്തിനും നിബന്ധന വെക്കുനന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാവുന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertising
Advertising

അതേസമയം, ഇടതുപക്ഷ നയം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പിലാക്കുകയല്ല സർക്കാർ ചെയ്യുന്നതെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. പിഎം ശ്രീയിലെ നിബന്ധനകൾക്ക് സിപിഎം എതിരാണ്. എന്നാൽ കേന്ദ്രം നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെയാണ് സിപിഎമ്മും സിപിഐയും നിലപാട് എടുക്കുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടി സിപിഐ ആണെന്നും അവരെ മുഖവിലക്ക്് എടുത്തുതന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഈ വിഷയം ഓരോ ഘട്ടത്തിലും ചർച്ച ചെയ്തിട്ടുണ്ട്. സംഘപരിവാർ പാഠ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്നും നയപരമായ പ്രശ്‌നങ്ങള എങ്ങനെ തരണം ചെയ്യുമെന്നത് പരിശോധിക്കുമെന്നും ഗോവിന്ദൻ വിശദീകരിച്ചു.

കൂടാതെ, കോൺഗ്രസിനെതിരെയും എം.വി ഗോവിന്ദൻ വിമർശനമുന്നയിച്ചു. നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. പിഎം ശ്രീ ആദ്യം നടപ്പിലാക്കിയത് രാജസ്ഥാനിൽ കോൺഗ്രസ് ഭരിക്കുമ്പോഴാണെന്നും എന്നിട്ടാണ് കോൺഗ്രസ് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നതെന്നുമാണ് ഗോവിന്ദന്റെ വിമർശനം.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News