രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണം, ആരും എംഎൽഎ ആയി അംഗീകരിക്കില്ല; എം.വി ഗോവിന്ദൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും രംഗത്തുവന്നു
എം വി ഗോവിന്ദൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവെക്കണമെന്നും എംഎൽഎ ആി ആരും അംഗീകരിക്കില്ലെന്നുമാണ് ഗോവിന്ദന്റെ പ്രതികരണം.
ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. പരാതികൾ ഇനിയും വരുമെന്നും എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും രാഹുൽ ഇരിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു. കൂടാതെ, കോൺഗ്രസ് രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അതേസമയം,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും രംഗത്തുവന്നു. 'പ്രിയപ്പെട്ട സഹോദരീ, തളരരുത്, കേരളം നിനക്കൊപ്പ'മെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 'വീ കെയർ' എന്നാണ് വി. ശിവൻകുട്ടിയുടെ എഫ്ബി പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അതിജീവിത എംഎൽഎക്കെതിരെ പരാതി നൽകിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത പരാതി നൽകിയത്. ഫോൺ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.