'എൻ. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തു; കൊള്ള ബോർഡിന്റെ അറിവോടെ'; റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

വാസുവിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു.

Update: 2025-11-12 12:00 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ കുടുതൽ വിവരങ്ങൾ പുറത്ത്. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്നും കട്ടിളപ്പാളിയിലെ സ്വർണം കടത്തിയത് ബോർഡിന്റെ അറിവോടെയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വാസുവിന്റെ പങ്ക് അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട്, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും രണ്ട് അംഗങ്ങൾക്കുമെതിരെ കുരുക്ക് മുറുക്കുന്നതുമാണ്. എൻ. വാസുവാണ് സ്വർണപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തുന്നത്. അത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

വാസുവിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്താൻ നിർദേശം നൽകി. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാനുള്ള നടപടി സ്വീകരിച്ചതും വാസുവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്വർണം പൂശിയതെന്ന പരാമർശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണക്കൊള്ള ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് പൂർണമായും തള്ളുന്നതാണ് റിപ്പോർട്ട്.

അതേസമയം, എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേർത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഒഴികെയുള്ളവർക്കെതിരെ ഈ വകുപ്പ് ബാധകമാണ്. കേസ് കൊല്ലത്തെ വിജിലൻസ് കോടതിയിലേക്ക് മാറ്റിയേക്കും.

ഇതിനിടെ, ‌കേസിൽ ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.

നേരത്തെയും ഒരുതവണ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് പത്മകുമാർ ഹാജരായിരുന്നില്ല. ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു.

ഇന്നലെ അറസ്റ്റിലായ എൻ. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉൾപ്പെടെ നൽകിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

ഇതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും അംഗങ്ങളേയും പ്രതിസന്ധിയിലാക്കുന്നത്. ഇവർക്കെതിരായ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. നേരത്തെ ചില രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ, മുമ്പ് അറസ്റ്റിലായവരുടെ മൊഴികൾ സാധൂകരിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News