നാട്ടികയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തി; അന്തിമ തീരുമാനം കലക്ടറുടെ റിപ്പോർട്ടിന് ശേഷം
നിർമാണപ്രവൃത്തികൾ പൂർത്തിയാകാതെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് പ്രദേശവാസികളും യാത്രക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും കഴിഞ്ഞ ദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു
തൃശൂർ: തൃശൂർ നാട്ടികയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചു. വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ടോൾ പിരിവ് പാടില്ലെന്ന് ദേശീയ ഹൈവേ അതോറിറ്റി നിർദേശം നൽകി. കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാതെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് പ്രദേശവാസികളും യാത്രക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും കഴിഞ്ഞ ദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു. സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവെയ്ക്കാൻ ദേശീയ ഹൈവേ അതോറിറ്റിയോട് പൊതുമരാമത്ത് മന്ത്രിപി.കെ ബഷീർ നിർദേശം നൽകി. മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ടോൾ പിരിവ് നിർത്തിവെച്ചിരിക്കുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥലം സന്ദർശിക്കാനും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർവകക്ഷി യോഗം വിളിച്ചുചേർക്കാനും ജില്ലാ കലക്ടർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കലക്ടർ, പൊലീസ്, ആർടിഒ ഉദ്യോഗസ്ഥർ, എസ്പി എന്നിവരടങ്ങുന്ന പ്രത്യേക സംഘം നിർമാണപ്രവൃത്തികൾ വിലയിരുത്തും. തുടർന്ന് കലക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ടോൾ പിരിവ് പുനരാരംഭിക്കണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകുക. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത പ്രദേശങ്ങളിൽ പരിശോധന നടത്താനും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പണി പൂർത്തീകരിക്കാനും സംഘം നടപടി സ്വീകരിക്കും.