മാസപ്പടി കേസ്: പിണറായി വിജയൻ ഒന്നാം പ്രതിയാകും; വിജിലൻസ് നാളെ എഫ്ഐആർ രജിസ്റ്റർ ചെയ്യും
മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി കൈപ്പറ്റി എന്നാണ് ഇഡിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ വിജിലൻസ് നാളെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാവും കേസ് എടുക്കുക. മുഹമ്മദ് റിയാസിനെ രണ്ടാം പ്രതിയും വീണയെ മൂന്നാം പ്രതിയും ആക്കിയേക്കും. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി കൈപ്പറ്റി എന്നാണ് ഇഡിയുടെ റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വൈകാതെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് വിജിലൻസ് കടക്കും.
കേസിൽ 13 പ്രതികളാകും ഉണ്ടാവുക എന്നാണ് വിവരം. എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ ശശിധരൻ കർത്ത, മുൻ ചീഫ് ഫിനാൻസ് ഓഫീസർ സി.സുരേഷ് കുമാർ, എംപോർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി, റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, പി.പി ഫൈജാസ്, എം.നന്ദുലാൽ എന്നിവരടക്കം 13 പേരാണ് കേസിലെ പ്രതിപട്ടികയിൽ ഉണ്ടാവുക. അഴിമതി നിരോധനനിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ കഴിയുമോ എന്നായിരിക്കും പ്രധാനമായും വിജിലൻസ് പരിശോധിക്കുക.
നാളെ ഒരു പ്രത്യേക സംഘം രൂപീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റിന്റെ കീഴിലുള്ള പ്രത്യേക ഇൻവെസ്റ്റിഗേഷൻ ടീം ആയിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷം എഫ്ഐആർ ഇട്ടാൽ മതിയെന്നായിരുന്നു സർക്കാരിൻ്റെ തീരുമാനം. എന്നാൽ കെ.എം ഷാജഹാൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് അന്വേഷണ സംഘം പിരിച്ചുവിടാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശമുണ്ടായത്.
നാളെ മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഈ വിഷയം സഭയിലും വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.