Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റു. ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് സെക്രട്ടറിയുടെ പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ജയതിലക് പറഞ്ഞു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പ്രധാന വകുപ്പുകളുടെ മേധാവിമാരും സർവീസിൽ നിന്ന് വിരമിച്ചു. വനം വകുപ്പ് മേധാവി ഗംഗാ സിങ്, ഡിജിപി കെ.പത്മകുമാർ അടക്കമുള്ളവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശാരദാ മുരളീധരൻ എട്ടുമാസം മുമ്പാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള അവസാന ക്യാബിനറ്റ് യോഗത്തിൽ ഇന്ന് പങ്കെടുത്തു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ എട്ട് മാസക്കാലമെന്ന് ശാരദാ മുരളീധരൻ പറഞ്ഞു.
ഫയർഫോഴ്സ് മേധാവി കെ. പത്മകുമാറും ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. പൊലീസ് സേന കെ. പത്മകുമാറിന് വിടവാങ്ങൽ പരേഡ് നൽകി. വനം വകുപ്പ് മേധാവിയായ ഗംഗാ സിങ് ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക് ജോയിൻ ഡയറക്ടർ, ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
പുതിയ വനം വകുപ്പ് മേധാവിയായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേന്ദ്ര രവീന്ദ്രനെയാണ് സർക്കാർ പരിഗണിക്കുന്നത്. കെഎസ്ഇബി ചെയർമാനായ ബിജു പ്രഭാകറും ഇന്ന് വിരമിക്കുന്നുണ്ട്. 2020 ജൂൺ മുതൽ 24 ഫെബ്രുവരി വരെ കെഎസ്ആർടിസി സിഎംഡി ആയിരുന്നു ബിജു പ്രഭാകർ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ തോമസ് മാത്യു ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങും.