ഇടതുപക്ഷത്തിന്‍റെ ചെറിയ തോൽവിയിൽ പോലും ചിലർ പ്രതിച്ഛായാ കച്ചവടത്തിനിറങ്ങി; ബിനോയ് വിശ്വത്തിനെതിരെ എൻ.എൻ കൃഷ്ണദാസ്

ജനങ്ങളാണ് വലുതെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശം ഇത്തവണത്തെ നോബേൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തമാണ്

Update: 2022-06-06 02:11 GMT

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യ വിമർശനമുന്നയിച്ച ബിനോയ് വിശ്വത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. ഇടതുപക്ഷത്തിന്‍റെ ചെറിയ തോൽവിയിൽ പോലും ചിലർ പ്രതിച്ഛായാ കച്ചവടത്തിനിറങ്ങിയെന്നാണ് പരിഹാസം. ജനങ്ങളാണ് വലുതെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശം ഇത്തവണത്തെ നോബേൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തമാണ്. വലതുപക്ഷത്തിന്‍റെ പ്രതിച്ഛായ വലുതായി കാണുന്നവർ അവസരം കിട്ടുന്പോൾ തനിനിറം കാണിക്കുമെന്നും കൃഷ്ണദാസ് വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കൃഷ്ണദാസിന്‍റെ പ്രതികരണം.

Advertising
Advertising

കൃഷ്ണദാസിന്‍റെ കുറിപ്പ്

ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് അർഹമായ "കണ്ടുപിടിത്തം" വന്നിരിക്കുന്നു.!!! ഐൻസ്റ്റൈനൊക്കെ എന്ത്!!!?ഇതല്ലേ കണ്ടുപിടിത്തം!! എത്രകാലത്തെ കഠിനമായ ഗവേഷണമായിരിക്കും ഈ "കണ്ടുപിടിത്ത"ത്തിനു പിന്നിൽ എന്ന് ഓർക്കണം. അതിശയം ഒട്ടും തോന്നിയില്ല. ചിലർ അങ്ങനെയാണ്. ഇടത് പക്ഷത്തിനു ഒരു ചെറിയ പരാജയം ഉണ്ടായാൽ മതി. അതിന്റെ മറവിൽ പ്രതിച്ഛായ കച്ചവടത്തിനിറങ്ങും. കിട്ടുന്നത് പോരട്ടെ. വലത് പക്ഷത്തിന്റെ ഇക്കിളി കൂട്ടിലായാലും, മേൽ പറഞ്ഞ "കച്ചവടത്തിൽ" കിട്ടുന്ന ലാഭം മതി. ഇത് CPI യുടെ അഭിപ്രായമല്ല ; ഉറപ്പ്. കാരണം, അവർ ഇടത് പക്ഷത്തിന്റെ മുന്നേറ്റത്തോടൊപ്പം ആഹ്ലാദിക്കുകയും, ഇടർച്ചകളിൽ പ്രതിരോധം തീർക്കാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്നുണ്ട്. ആർക്കാണറിയാത്തത്?

ജനങ്ങൾ തന്നെയാണ് എല്ലാ പ്രതിസന്ധികളിലും കമ്മ്യൂണിസ്റ്റ് ഇടത് പക്ഷത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത്. ബ്രിട്ടീഷ് ഭരണം കമ്മ്യൂണിസ്റ്റ് ആശയത്തെ വേട്ടയാടിയപ്പോഴും, ചിത്തിര തിരുനാൾ രാജാവും, സർ സി.പി യും വെടിവച്ചു കൊല്ലാൻ ശ്രമിച്ചപ്പോഴും, 48ലെ വേട്ടകാലത്തും, ചൈനീസ് ചരന്മാരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും, അടിയന്തിരാവസ്ഥയുടെ ദംഷ്‌ട്രകൾ ഉയർന്ന നാളുകളിലും ജനങ്ങൾ, ജനങ്ങൾ തന്നെയാണ് ഇടത് പക്ഷത്തെ സംരക്ഷിച്ചത്.

വലത് പക്ഷത്തിന്റെ മനുഷ്യത്വ രഹിതമായ പരാക്രമണങ്ങളെ ചെറുത്ത് 99 MLA മാരുടെ പിന്തുണയിൽ ഇടത് പക്ഷത്തിനു തുടർഭരണം നൽകിയതും ജനങ്ങൾ തന്നെയാണ്. അന്ന് പിന്തുണക്കാതിരുന്നവരിൽ 2000ത്തിലധികം പേർ തൃക്കാക്കരയിൽ ഇടത് പക്ഷത്തെ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ പിന്തുണച്ചു. പക്ഷേ, വിജയിച്ചില്ല. അത് മുതലാക്കി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലം മുതൽ ഇടത് മുന്നേറ്റം കണ്ട് നിരാശപ്പെട്ടിരിക്കുന്ന ചില വലത് പക്ഷ മാധ്യമങ്ങളുടെ അമിതാഹ്ലാദമോദത്തിനു നിന്ന് കൊടുക്കാതിരിക്കാൻ ചെറിയൊരു ഇടത് രാഷ്ട്രീയ ബോധം മതി. എന്നാൽ വലത് പക്ഷത്തിന്റെ "നൊബേൽ" പ്രതിച്ഛായ എല്ലാറ്റിലും വലുതായി കാണുന്നവർ തഞ്ചം കിട്ടുമ്പോൾ തനിനിറം കാണിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News