ഒന്നാം നിലയിലേക്ക് കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടം; പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു
നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചതായാണ് ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട്
ഒന്നാം നിലയിലേക്ക് കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടം നിർമിച്ചതിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചതായാണ് ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് . സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടി .
ചോക്കാട് പഞ്ചായത്തിലെ കാളികാവ് മാളിയേക്കൽ ജി. യു.പി സ്കൂളിലെ കോണിയില്ലാത്ത ഇരുനില കെട്ടിടം വാർത്തകളിൽ നിറഞ്ഞതോടെയാണ് തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ചീഫ് എഞ്ചിനീയറും വിശദീകരണം തേടിയത് .കെട്ടിടത്തിന്‍റെ കോണിപ്പടി നിർമണത്തിന് ടെൻഡര്‍ നടപടികൾ നേരത്തെ തന്നെ തുടങ്ങിയതായും ഉടൻ പരിഹരിക്കാനാകുമെന്നുമാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത് .
കാളികാവ് ബ്ലോക്ക് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ചീഫ് എഞ്ചിനീയർക്കും റിപ്പോർട്ട് നൽകി. ഫണ്ടിന്‍റെ അഭാവമാണ് കോണി നിർമാണം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയതെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയടക്കം വാദം. വേഗത്തിൽ കോണിപ്പടി നിർമാണം പൂർത്തിയാക്കി വിവാദം അവസാനിപ്പിക്കാനാണ് ഇപ്പോൾ അധികൃതരുടെ ശ്രമം. നാട്ടുകാർ പിരിവെടുത്ത് നല്‍കിയതുൾപ്പെടെ 9 ലക്ഷം രൂപ ചെലവിട്ടാണ് ഒരു വർഷം മുമ്പ് വിവാദ കെട്ടിടം നിർമിച്ചത്.