ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല: എസ് സി -എസ് ടി വിദ്യാർഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ

കഴിഞ്ഞ രണ്ട് വർഷമായി തുക മുടങ്ങിയത് പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് വിദ്യാർഥികൾ

Update: 2024-01-31 01:31 GMT

പാലക്കാട്ക്: ഇ-ഗ്രാൻഡ് ലഭിക്കാതെ പ്രതിസന്ധിയിലായി എസ് സി -എസ് ടി വിഭാഗം കുട്ടികളുടെ ഉന്നത പഠനം. കഴിഞ്ഞ രണ്ട് വർഷമായി തുക മുടങ്ങിയത് തങ്ങളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കുട്ടികൾ പറയുന്നു.സെം ഫീസ് ഉൾപ്പെടുന്ന ഇ-ഗ്രാൻഡ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന രീതിയിലേക്ക് മാറിയതോടെ കോളേജുകളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദവും വർധിച്ചു.

എസ് സി - എസ് ടി കുട്ടികളുടെ ഉന്നത പഠനത്തിന് വലിയ ആശ്രയമായിരുന്നു സർക്കാർ നൽകുന്ന ഇ ഗ്രാൻഡ്. ഈ സാമ്പത്തിക സഹായം മുടങ്ങിയതോടെ വലിയ സമ്മർദ്ദത്തിലാണ് വിദ്യാർത്ഥികൾ. ഹോസ്റ്റൽ ഫീസ് ,കോളേജിലേക്കുള്ള യാത്ര,പുസ്തകങ്ങൾ എന്നിവയുടെ ചിലവുകൾ ഇ ഗ്രാൻഡിൽ നിന്നായിരുന്നു കുട്ടികൾ കണ്ടെത്തിയത്.

Advertising
Advertising

നേരത്തെ സെം ഫീസ് ഉൾപ്പടെ കോളേജുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിയിരുന്നു.ഈ രീതി പിൻവലിച്ച് തുക വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ സെം ഫീസ് ലഭിക്കാതാകുമ്പോൾ വിദ്യാർത്ഥികൾക്ക് കോളേജുകളുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടാകും. ഈ തുക കണ്ടെത്താൻ ക്ലാസിന് ശേഷം രാത്രിയിൽ മറ്റ് ജോലികൾക്ക് പോകേണ്ട സാഹചര്യമാണ് വിദ്യാർത്ഥികൾക്ക്.

ഇതിനും സാധിക്കാതെ പഠനം പാതി വഴിയിൽ അവസാനിപ്പിച്ചവരുമുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ഈ വിദ്യാർത്ഥികളുടെ നിസ്സഹായത സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം. ഇതിനോടകം വിഷയത്തിൽ വലിയ പ്രതിഷേധമാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News