തിരുവനന്തപുരം: മതപരിവർത്തനത്തിന്റെ പേരിൽ ജയിലിലാകുന്നവരെ സന്ദർശിക്കുന്നതും ആദരിക്കുന്നതും ശരിയല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാന്മാരെപ്പോലെയാണ് ഇവരെ കാണുന്നത്, അവരെ ആദരിക്കുക, ഇറക്കിക്കൊണ്ടവരിക എന്നതൊന്നും ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അച്ഛനായാലും ബിഷപ്പായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെങ്കില്‍ നിരോധിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം സഭയുടെ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണെന്നും കെ.എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
'ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടുണ്ട്. ഇസ്‌ലാം മതത്തിലേക്ക് മാത്രമല്ല ക്രിസ്തുമതത്തിലേക്കും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് ഇങ്ങനെ നിർബന്ധിത മതപരിവർത്തനം നടത്തിയത് പോർച്ചുഗീസുകാരനായ ഫ്രാൻസിസ് സേവ്യർ എന്ന പാതിരിയാണ്. പതിനായിരക്കണക്കിന് പേരെയാണ് അദ്ദേഹം മതം മാറ്റിയത്. 1542 മുതൽ 1552 വരെയുള്ള പത്ത് വർഷം ഇദ്ദേഹം ഗോവയിലായിരുന്നു.
1546ൽ മതദ്രോഹ വിചാരണയും ആരംഭിച്ചു. ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ വിസമ്മതിക്കുന്നവരെയും ക്രിസ്തുമതം സ്വീകരിച്ച് ഹിന്ദുമതം ആചരിക്കുന്നവരെയും അദ്ദേഹം മതദ്രോഹ വിചാരണ നടത്തി. 50 പേരെ ജീവനോടെ അദ്ദേഹം ചുട്ടുകൊന്നു. ഇദ്ദേഹത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ഗൗഡ സാരസ്വത ബ്രാഹ്മണർ കേരളത്തിന്റെ തീരപ്രദേശത്ത് എത്തിച്ചേരുന്നത്. ഫ്രാൻസിസ് സേവ്യർ കന്യാകുമാരിയിൽ വന്ന് വ്യാപകമായി മതപരിവർത്തനം നടത്തിയിട്ടുണ്ട്. അതെല്ലാം നിർബന്ധിത മതപരിവർത്തനമായിരുന്നു. അങ്ങനെ മതപരിവർത്തനം നടത്തി ക്രിസ്തുമതത്തിലേക്ക് ആളെക്കൂട്ടിയിരുന്നൊരു ചരിത്രം ക്രിസ്തുമതത്തിനുണ്ട്, അതിപ്പോൾ ആരും പറയാറില്ല'- കെ.എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
'ഗോവ മതദ്രോഹ വിചാരണക്കാലത്ത് നൂറുകണക്കിന് അമ്പലങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊങ്കണി ഭാഷയും ഹിന്ദു ആചാരങ്ങളും നിരോധിച്ചു. ക്ഷേത്രങ്ങളുടെയും ഹിന്ദുക്കളുടെയും വസ്തുവകകൾ കയ്യേറിയിട്ടുമുണ്ട്. ഇങ്ങനെയൊരു പശ്ചാത്തലം ക്രിസ്തുമതത്തിനുണ്ട്. യേശുദേവന്റെ പേരിൽ യേശുദേവന് വിരുദ്ധമായ കാര്യങ്ങാളണ് ഫ്രാൻസിസ് സേവ്യർ ചെയ്തുകൊണ്ടിരുന്നത്. ക്രിസ്തുമതത്തിന്റെ മതപ്രചാരണ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളത് കൊണ്ടാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയത്.
മതപരിവർത്തനത്തെ ശക്തമായി ഇന്ത്യയിൽ എതിർത്തിട്ടുള്ളത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയേക്കാളും മഹത്വമോ മതേതര സ്വഭാവമോ ഉള്ളവരല്ലല്ലോ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഒരു ക്രൈസ്തവ മതമേലധ്യക്ഷനെന്നും അദ്ദേഹം ചോദിച്ചു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം നിലവിലുള്ളപ്പോൾ അതിന് വിരുദ്ധമായി ഒരു വൈദികനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടി വരും. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഇവിടെ നിന്ന് ഓടിപ്പോയി അറസ്റ്റ് ചെയ്തവരെ കാണുക, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാന്മാരെപ്പോലെ പരിഗണിക്കുക, അവരെ ആദരിക്കുക, ഇറക്കിക്കൊണ്ടുവരിക എന്നതൊന്നും ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അച്ഛനായാലും ബിഷപ്പായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കണം'- കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
ഒരു ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.