ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് നോട്ടീസ്; എൻ. വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തി
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റാണ് സിപിഎം നേതാവ് കൂടിയായ എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. നേരത്തെയും ഒരുതവണ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് പത്മകുമാർ ഹാജരായിരുന്നില്ല. ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു.
അതേസമയം, എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. വാസുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർത്തു. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേർത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഒഴികെയുള്ളവർക്കെതിരെ ഈ വകുപ്പ് ബാധകമാണ്. കേസ് കൊല്ലത്തെ വിജിലൻസ് കോടതിയിലേക്ക് മാറ്റിയേക്കും.
ഇന്നലെ അറസ്റ്റിലായ എൻ. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉൾപ്പെടെ നൽകിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും അംഗങ്ങളേയും പ്രതിസന്ധിയിലാക്കുന്നത്. ഇവർക്കെതിരായ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. നേരത്തെ ചില രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ, മുമ്പ് അറസ്റ്റിലായവരുടെ മൊഴികൾ സാധൂകരിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.