ഇനി ഒരാഴ്ച ഓണക്കാലം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി

വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 10,000ത്തോളം കലാകാരന്മാരാണ്‌ ഓണാഘോഷ പരിപാടികളിൽ അണിനിരക്കുക

Update: 2025-09-03 16:26 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ രവി മോഹൻ, ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളായി. ഇനിയുള്ള ഒരാഴ്ചക്കാലം കേരളം ഓണാഘോഷത്തിൽ മുഴുകും.

ഇനിയുള്ള ദിനങ്ങൾ പകലെന്നോ രാവെന്നോ ഇല്ലാതെ സംസ്ഥാനം ആഘോഷ തിമിർപ്പിലാകും. ഓണമെത്തിയാൽ പിന്നെ തലസ്ഥാന നഗരിയിൽ ഉത്സവ രാവുകൾ. സെപ്റ്റംബർ ഒമ്പത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികൾ. ജനസാഗരങ്ങൾ ആഘോഷമായി ഒഴുകിയെത്തും. കേരളത്തിന്റെ സാഹോദര്യം ഒരിക്കലും കൈവിട്ടു പോകരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിലെ വാക്കുകൾ.

Advertising
Advertising

കേരളത്തിൻറെ പരമ്പരാഗത കലാരൂപങ്ങളും ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വരും ദിവസങ്ങളിൽ നിറഞ്ഞാടും. വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 10,000ത്തോളം കലാകാരന്മാരാണ്‌ ഓണാഘോഷ പരിപാടികളിൽ അണിനിരക്കുക. 33 വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും . സംസ്ഥാന ടൂറിസം വകുപ്പാണ് സംസ്ഥാനതല ഓണാഘോഷം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം

നഗരത്തെ ദൃശ്യഭംഗിയുടെ കേന്ദ്രമാക്കി വൈദ്യുത ദീപാലങ്കാരം ഇതിനകം തന്നെ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഓണാഘോഷത്തിൻറെ ഏറ്റവും ആകർഷകമായ കാഴ്ചയായ ദീപാലങ്കാരം കവടിയാർ മുതൽ മണക്കാട് വരെയാണ് ഒരുക്കിയിട്ടുള്ളത്. ലൈറ്റുകളുടെ കാഴ്ചകൾ ആസ്വദിക്കാനായി ഓണക്കാലത്ത് രാത്രി വൈകിയും നിരവധിയാളുകളാണ് നഗരത്തിൽ എത്തുന്നത്. നഗരത്തിലെ പ്രധാന റോഡുകൾ, ജങ്ഷനുകൾ, സർക്കാർ മന്ദിരങ്ങൾ എന്നിവയെല്ലാം ദീപാലങ്കാരത്തിൽ ആറാടുകയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News