ജല അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ഒയാസിസ് കമ്പനി; എൻഒസിക്ക് അപേക്ഷിച്ചതിലെ തട്ടിപ്പ് പുറത്ത്
ഓയിൽ കമ്പനിയുമായുള്ള ചർച്ചയ്ക്ക് എന്ന് പറഞ്ഞാണ് എൻഒസിക്ക് അപേക്ഷിച്ചത്
പാലക്കാട്: ജല അതോറിറ്റിയെ ഒയാസിസ് മദ്യ കമ്പനി തെറ്റിദ്ധരിപ്പിച്ചതാണെന്ന് പാലക്കാട് കൽമണ്ഡപം വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ. കിൻഫ്രയുടെ അനുമതിയോടെ ജലം എടുക്കാമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.
ഓയിൽ കമ്പനിയുമായുള്ള ചർച്ചയ്ക്ക് എന്ന് പറഞ്ഞാണ് തങ്ങളിൽനിന്ന് എൻഒസിക്ക് അപേക്ഷിച്ചത്. കമ്പനിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സർക്കാരിലേക്ക് അയക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
അതേസമയം, പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയതിൽ സിപിഐ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. കടുത്ത കുടിവെള്ളക്ഷാമം അടക്കം നേരിടുന്ന മേഖലയിൽ പദ്ധതി വന്നാൽ ജനം ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തൽ. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികൾക്കൊപ്പം നിൽക്കില്ലെന്നാണ് പ്രദേശിക നേതൃത്വത്തിന്റെ നിലപാട്.
എന്നാൽ, വിഷയത്തിൽ ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . അഞ്ച് ഏക്കറിൽ മഴ വെള്ള സംഭരണി നിർമ്മിച്ച്, ബ്രൂവറിക്കായി വെള്ളം കണ്ടെത്തുമെന്നാണ് അദ്ദേഹത്തിൻ്റെ വാദം. വിവാദങ്ങൾക്ക് പിന്നിൽ സ്പിരിറ്റ് ലോബികളാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.