ഓച്ചിറ പീഡനക്കേസ്: 'വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കാൻ നിർബന്ധിക്കും'; നിയാസ് ജൗഹരിക്കെതിരെ പുതിയ വെളിപ്പെടുത്തൽ

സംഭാഷണങ്ങളിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും 'സെക്സ്' എന്ന വാക്ക് ഉപയോഗിച്ചിരുന്നുവെന്നും യുവതി

Update: 2026-11-04 04:26 GMT

കൊല്ലം: ഓച്ചിറയിൽ 16 വയസ്സുകാരിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസിൽ പ്രതി നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ യുവതി. മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളിലാണ് നിയാസ് ജൗഹരിയെ പരിചയപ്പെട്ടതെന്നും പിന്നീട് മോശമായ അനുഭവങ്ങളുണ്ടായെന്നും യുവതി മീഡിയവണിനോട് പറഞ്ഞു. സമാനമായ അനുഭവം മറ്റ് പെൺകുട്ടികൾക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പുറത്തുപറയാനുള്ള മടിയും ഭയവും കാരണം പലരും നിശ്ശബ്ദരാകുകയാണെന്നും യുവതി വെളിപ്പെടുത്തി.

നല്ല വ്യക്തിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് നിയാസ് ജൗഹരി ഫോൺ നമ്പർ വാങ്ങിയിരുന്നതെന്ന് യുവതി പറയുന്നു. ഫോൺ സംഭാഷണങ്ങളിലൂടെ മോശമായി സംസാരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് യുവതി ആരോപിച്ചു.

Advertising
Advertising

മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് ചികിത്സയുടെ ഭാഗമെന്ന പേരിൽ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയും. പിന്നീട് സംഭാഷണങ്ങളിൽ പരോക്ഷമായി മോശമായ കാര്യങ്ങൾ പറയുന്നത് ആവർത്തിച്ചിരുന്നതായും യുവതി ആരോപിച്ചു.

സംഭാഷണങ്ങളിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും 'സെക്സ്' എന്ന വാക്ക് ഉപയോഗിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധിക്കുമായിരുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ മോശമായ പരാമർശങ്ങൾ നടത്തി. സാധാരണ ഫോൺ കോളുകൾക്ക് പകരം വാട്സ്ആപ്പ് കോളുകൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ വളരെ നല്ല വ്യക്തിയെന്ന പ്രതിച്ഛായയാണ് നിയാസ് ജൗഹരി സൃഷ്ടിച്ചിരുന്നതെന്നും യുവതി പറയുന്നു. സ്ഥാപനത്തിന്റെ പേരിൽ ഇയാൾ വലിയ തോതിൽ പണം പിരിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. പുറത്തുവന്ന ഓഡിയോകളിൽ കേൾക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്നെയായിരുന്നു ഇയാളുടെ ഇടപെടലുകളിലുമെന്നും യുവതി പറഞ്ഞു.

സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേർ ഉണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറയാൻ പലരും തയ്യാറാകുന്നില്ല. പുറത്തുപറഞ്ഞാൽ ഉണ്ടാകാനിടയുള്ള ഭയവും മടിയുമാണ് ഇതിന് കാരണമെന്നും യുവതി കൂട്ടിച്ചേർത്തു.



Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News