ഓഫർതട്ടിപ്പ്: മഹിളാ കോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ പത്ത് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

വിദേശത്തായിരുന്ന ഷീബയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്

Update: 2025-02-26 04:59 GMT

കൊച്ചി: ഓഫർതട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിൻ്റെ ഇടുക്കി കുമളിയിലെ വീട്ടിൽ ഇഡി പരിശോധന നടത്തി. ചോദ്യം ചെയ്യലും പരിശോധനയും പത്ത് മണിക്കൂർ നീണ്ടു. വിദേശത്തായിരുന്ന ഷീബയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

ഷീബ സുരേഷിൻ്റെ സാമ്പത്തിക ഇടപാടുകളുടെയും സ്വത്ത് വിവരങ്ങളുടെയും രേഖകൾ ഇഡി പരിശോധിച്ചു. തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണനുമായും, സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറുമായും ഷീബക്ക് അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായാണ് വിവരം. തുടർ നടപടികൾക്കായി രേഖകളും ഫോണും കസ്റ്റഡിയിലെടുത്തു . മുൻ കുമളി പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായിരുന്ന ഷീബ സുരേഷിനെതിരെ വണ്ടൻമേട് പോലീസിൽ സീഡ് കോർഡിനേറ്റർമാർ പരാതി നൽകിയിരുന്നു. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

അനന്തു കൃഷ്ണൻ്റെ നേതൃത്വത്തിൽ തൊടുപുഴ കോളപ്രയിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസേർച്ച് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ചെയർപേഴ്സൺ കൂടിയാണ് ഷീബ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളുടെ ചുമതല ഷീബ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിപ്പിൽ ഷീബ സുരേഷിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News