തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍റേത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരത്ത് മോദിയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയിട്ടും ഉദ്യോഗസ്ഥന്‍ തോക്ക് തിരിച്ചുനൽകിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്

Update: 2024-03-02 01:45 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തിയിട്ടും തോക്ക് തിരിച്ചുനൽകാതിരുന്നതിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. തോക്ക് എസ്.എ.പി ക്യാംപില്‍ അശ്രദ്ധമായി ഉപയോഗിക്കുകയും വെടിപൊട്ടുകയും ചെയ്തിരുന്നു. എസ്.എ.പി കമാൻഡന്റിന്റെ സൂപ്പർവൈസിങ് പിഴവാണിതെന്നാണ് പൊലീസുകാർക്കിടയിൽ തന്നെയുള്ള ആക്ഷേപം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു എസ്.എ.പി ക്യാംപില്‍നിന്ന് സ്റ്റേറ്റ് പൊലീസ് കമാൻഡോ വിങ്ങിലെ ഉദ്യോഗസ്ഥർ സുരക്ഷാ ഡ്യൂട്ടിക്ക് പോയത്. ഇതേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ഒരു ഉദ്യോഗസ്ഥൻ കൈവശമുണ്ടായിരുന്ന തോക്ക് കൈമാറിയില്ല. സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാൽ അന്നുതന്നെ തോക്ക് തിരിച്ചേൽപ്പിക്കണമെന്നാണു നിയമം. ഇതുണ്ടായില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത ദിവസം ഇതേ തോക്ക് വൃത്തിയാക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍റെ കൈയിലിരുന്നു പൊട്ടുകയും ചെയ്തിരുന്നു. വെടിയുണ്ട സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയിൽ തറച്ചതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

Advertising
Advertising

ഇതിനു മുൻപും സമാന സംഭവങ്ങൾ എസ്.എ.പി ക്യാംപിലെ കമാൻഡോ വിങ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപമുയരുന്നത്. എസ്.എ.പി ക്യാംപിന്റെ കമാൻഡന്‍റ് എൽ. സോളമൻ നിരന്തരം സൂപ്പർവൈസിങ് പിഴവുകൾ വരുത്തുന്ന ആളാണെന്നും ആക്ഷേപമുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പോയ ഒരു കമാൻഡോ തിരിച്ചുവരുന്നതിനിടെ മദ്യപിച്ച് വാഹനത്തിലിരുന്ന് ബഹളമുണ്ടാക്കിയതിന് ഒരു മാസം മുൻപ് വകുപ്പുതല അന്വേഷണം നേരിട്ടിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ക്യാംപില്‍നിന്ന് മാറ്റണമെന്ന ഉത്തരവും പുറത്തിറങ്ങി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല.

Full View

കമാൻഡന്റ് എൽ. സോളമന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. മാത്രമല്ല, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്ക് വിനിയോഗിക്കപ്പെടേണ്ട കമാൻഡോ വിങ്ങിലെ ഉദ്യോഗസ്ഥർക്ക് എൻ.എസ്.ജിയുടെ ഒരു മാസം നീളുന്ന പരിശീലനം നൽകേണ്ടതുണ്ട്. എന്നാൽ, ഇപ്പോഴുള്ളവർക്ക് ലഭിച്ചതാകട്ടെ, ഒരാഴ്ചത്തെ എസ്.പി.ജി പരിശീലനമാണ്. കമാൻഡോ വിങ്ങിനെ മെച്ചപ്പെട്ട നിലയിലേക്ക് മാറ്റണമെങ്കിൽ സോളമനെ കമാൻഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർക്കിടയിൽ ഉയരുന്നത്.

Summary: Allegation that the officer who went on security duty of the PM Narendra Modi did not return the gun even after he returned was a serious mistake.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News