പിണറായിക്കെതിരെ ധർമടത്ത് കോൺഗ്രസിന്റെ സ്റ്റാർ കാൻഡിഡേറ്റ് ?
‘സേഫ്’ വിജയത്തിനുള്ള അവസരമൊരുക്കാതിരിക്കാൻ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ജനകീയ മുഖമുള്ള നേതാവിനെ ഇറക്കണം എന്നതാണ് കോൺഗ്രസിലെ പൊതുവികാരം
പിണറായി വിജയൻ |PHOTO FB -Pinarayi Vijayan
കോഴിക്കോട്: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കാനിറങ്ങിയാൽ സർപ്രൈസ് വി ഐ പി സ്ഥാനാർഥിയെ ഇറക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്. കോൺഗ്രസിലെ കരുത്തനും ഉന്നതനുമായ ഒരാളെ പിണറായിയെ നേരിടാൻ ഇറക്കണമെന്ന ചർച്ച കോൺഗ്രസിൽ സജീവമാണ്.
2011 ൽ രൂപീകരിച്ച ധർമടം മണ്ഡലത്തിൽ നിന്നാണ് 2016 ലും 2021 ലും പിണറായി വിജയൻ ജയിച്ച് മുഖ്യമന്ത്രിയായത്. മൂന്നാംതവണയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതുമുന്നണിയെ മുന്നിൽ നിന്ന് നയിക്കാൻ ഇക്കുറിയും ധർമടത്ത് പിണറായി വിജയൻ അങ്കത്തിനിറങ്ങുമെന്നാണ് ഇടത്‍ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. മണ്ഡലത്തിലെ പാർട്ടിപ്രവർത്തകരും ആ പ്രതീക്ഷയിൽ തന്നെയാണ്. 2021 ൽ പിണറായി 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധർമടത്ത് ജയിച്ചത്. കോൺഗ്രസിന്റെ സി.രഘുനാഥനായിരുന്നു പ്രധാന എതിരാളി. 2016 ൽ മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് പിണറായി ജയിച്ചത്.
കോൺഗ്രസിന്റെ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാക്കളൊന്നും ധർമടത്ത് കഴിഞ്ഞ രണ്ട് തവണയും പിണറായിയെ നേരിടാൻ രംഗത്തിറങ്ങിയിരുന്നില്ല. എന്നാൽ ഇക്കുറി അത് തിരുത്തണമെന്നും പിണറായി വിജയനെതിരെ കനത്ത മത്സരം കാഴ്ചവെക്കണമെന്നുമാണ് കോൺഗ്രസിലെ പൊതുവികാരം. ധർമടത്ത് പിണറായി വിജയനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലുടൻ കോൺഗ്രസിലെ ഉന്നതനെ പ്രഖ്യാപിക്കണമെന്നാണ് ആലോചന.
സിപിഎമ്മിന്റെ കുത്തകമണ്ഡലങ്ങളിലെല്ലാം കനത്തമത്സരം വേണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അനായസേന സിപിഎം വിജയിച്ചുകയറുന്ന മണ്ഡലങ്ങളിൽ ‘ഹൈ-വോൾട്ടേജ്’ മത്സരം തന്നെവേണം. പിണറായിക്ക് ‘സേഫ്’ വിജയത്തിനുള്ള അവസരമൊരുക്കാതിരിക്കാൻ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ജനകീയ മുഖമുള്ള നേതാവിനെ ഇറക്കണം എന്നതാണ് കോൺഗ്രസിലെ ആലോചന. അതിനായി ഉന്നതന്റെ പേര് തന്നെ പല മുതിർന്ന നേതാക്കളും നിർദേശിക്കുന്നുണ്ട്. പിണറായി വിജയൻ ഇറങ്ങുമ്പോൾ, അതിന് തുല്യമായ രാഷ്ട്രീയ എതിരാളിയെ രംഗത്തിറക്കിയാൽ കോൺഗ്രസ്, സംസ്ഥനത്തുടനീളം കടുത്ത മത്സരം നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാകുമെന്നും ഇവർ കരുതുന്നു.
പിണറായി വിജയന്റെ വ്യക്തിഗത പ്രതിച്ഛായയും പാർട്ടി സംഘടനാ കരുത്തും ധർമടത്ത് ശക്തമാണ്. ഇതറിഞ്ഞുകൊണ്ടാണ് കോൺഗ്രസ് ‘സ്റ്റാർ ക്യാൻഡിഡേറ്റ്’ പരീക്ഷണം പരിഗണിക്കുന്നത്. തോൽവി സംഭവിച്ചാലും രാഷ്ട്രീയ സന്ദേശം നൽകാമെന്നും ജയിച്ചാൽ അത് ചരിത്രമാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ധർമടത്തെ രാഷ്ട്രീയ പ്രചാരണം സംസ്ഥാനതലത്തിൽ തന്നെ ചർച്ചയാകുന്നതും ഗുണം ചെയ്യുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു