ഒമിക്രോൺ വ്യാപനം: സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചു

കടകൾ രാത്രി 10ന് അടയ്ക്കണം. പുലർച്ചെ 5 വരെയാണ് കർഫ്യു

Update: 2021-12-27 13:24 GMT
Editor : abs | By : Web Desk
Advertising

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ 5 വരെയാണ് നിയന്ത്രണം. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.

കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണം. 

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായി വരുന്ന മരുന്നുകൾ, ബെഡ്ഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കണം. ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ്ങ് നടപ്പിലാക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്സിജൻ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജൻ ഉത്പ്പാദനവും, സംഭരണവും വർദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News