Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കുറ്റകൃത്യമായിരുന്നു സൗമ്യ വധക്കേസ്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയായിരിക്കുമെന്നാണ് കേസിന്റെ വിചാരണ നടന്ന തൃശൂര്‍ അതിവേഗ കോടതി അന്ന് നിരീക്ഷിച്ചത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്ന ഞെട്ടലിലാണ് കേരളം.
ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമി എന്നാണ് ഇയാളുടെ പേര്. 41 വയസാണ് പ്രായം. തമിഴ്‌നാട്ടിലെ കരൂരിനടുത്ത് വാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞ പോസ്റ്റോ ഓഫീസ് പരിധിയിലുള്ള ഐവത്തക്കുടി സ്വദേശിയാണ് ഇയാൾ. കൊടും കുറ്റവാളിയായ ഇയാളുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. ജയിലിൽ 33ാം നമ്പറുകാരനായിരുന്നു ഇയാൾ.
കണ്ണൂർ ജയിലിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു ഇയാൾ തടവിലുണ്ടായിരുന്നത്. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട്. അതിന് പുറത്ത് വലിയ മതിൽ മറ്റൊന്ന് കൂടിയുണ്ട്. ഇന്ന് പുലര്‍ച്ചെ 4.15നും 6.30നും ഇടയിലായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2011 നവംബര്‍ 12ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ച ആദ്യദിവസങ്ങളില്‍ രാവിലെ ഇഡ്ഡലിയോ ദോശയോ, ഉച്ചക്ക് ബിരിയാണി, വൈകീട്ട് പൊറോട്ടയും ഇറച്ചിയും എന്നീ വിഭവങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ജയിലധികൃതര്‍ക്ക് ഭക്ഷണം വേണമെന്ന് എഴുതി നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യകാലത്ത് ഏറെ പ്രകോപിതനായ ഗോവിന്ദച്ചാമി ജയിലിലെ സി.സി.ടി.വി കമാറകള്‍ തകര്‍ത്തതും ആത്മഹത്യാ ഭീഷണി മുഴക്കിയതും ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയായിരുന്നു.
തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രിംകോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.