'കള്ളവും ചതിയും' ഓണ്‍ലൈനില്‍; ആമസോണില്‍ ടാബ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒരു കൂട് നിറയെ മണല്‍
ഓപ്പണ്‍ ബോക്‌സ് ഡെലിവറി ഒപ്ഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ഡെലിവറിമാന്‍ പാഴ്‌സല്‍ തുറന്നപ്പോഴാണ് കുടുംബം തട്ടിപ്പ് തിരിച്ചറിഞ്ഞത്
ആലപ്പുഴ: കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ഒരു കാലം ഈ ഓണക്കാലത്ത് മലയാളി ഓര്‍ത്തെടുക്കുമ്പോള്‍, അതെല്ലാം ഓര്‍മ മാത്രമെന്ന് തെളിയിക്കുകയാണ് പല ഓണ്‍ലൈന്‍ വ്യാപാരങ്ങളും. ഡിജിറ്റല്‍ മീഡിയയില്‍ കഥകളെഴുതുന്ന എഴുത്തുകാരന്‍ ഷെഫീഖ് മുസ്തഫയാണ് താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇളയ മകന്‍ ഇമാദിന് ഓണസമ്മാനമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണില്‍ നിന്ന് റെഡ്മി 2 ടാബ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ കുടുംബത്തിന് ലഭിച്ചത് ടാബിന് പകരം ഒരു കൂടുനിറയെ മണലാണ്.
ഓപ്പണ്‍ ബോക്‌സ് ഡെലിവറി ഒപ്ഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ഡെലിവറിമാന്‍ പാഴ്‌സല്‍ തുറന്നപ്പോഴാണ് കുടുംബം തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ ഡെലിവറിമാന്‍ പാഴ്‌സല്‍ അതേപടി തിരിച്ചുകൊണ്ടുപോയി. ടാബിന് വേണ്ടി അടച്ച പണം തിരികെ ലഭിച്ചേക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ ദിവസങ്ങളോളം ടാബിനെപ്പറ്റി വാതോരാതെ സംസാരിക്കുകയും അത് സ്വപ്നം കണ്ടുറങ്ങുകയും ചെയ്ത കൊച്ചുകുട്ടി ഇമാദിന് ഇത് വലിയ ആഘാതമായി മാറിയിരിക്കുകയാണ്. കുട്ടി അനുഭവിച്ച വേദനയും നിരാശയും ആര് പരിഹരിക്കുമെന്നാണ് കുടുംബത്തിന്റെ ചോദ്യം.