പാര്‍വതിയുടെ പൊലീസ് ചിത്രം 'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ഒടിടിയിലെത്തി
പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ വിജയംകണ്ട പാര്‍വതി തിരുവോത്ത് ചിത്രം 'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് പാര്‍വതി തിരുവോത്ത് എത്തിയത്. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ്. നെറ്റ്ഫ്‌ലിക്‌സാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ആദ്യ പോസ്റ്റിങ്ങില്‍ തന്നെ അപ്രതീക്ഷിതമായ ഒരു സംഭവത്തിന്റെ ഭാഗമാകുന്നതോടെ അലീനയുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതം സങ്കീര്‍ണമാകുന്നു. അവിടെനിന്നങ്ങോട്ട് ഓരോ നീക്കവും അടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന തരത്തിലാണ് കഥ വികസിക്കുന്നത്.
തിരക്കഥ നിര്‍വഹിച്ചത് പി.എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാര്‍വതി തിരുവോത്തും കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത താരങ്ങളായ പാര്‍ത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ആര്‍. ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മ്മിച്ചത്.