ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പുമായി 'ദൃശ്യം 3'; മൂന്ന് ദിവസം കൊണ്ട് 272 കോടി കളക്ഷന്‍
മലയാളത്തിലെ കഥയില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് സിനിമ ബോളിവുഡിലെത്തിയത്
മുംബൈ: അജയ് ദേവ്ഗണ്‍ നായകനായ 'ദൃശ്യം 3: ദി കണ്‍ക്ലൂഷന്‍' ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 176.50 കോടി ആയി. ആഗോളതലത്തില്‍ ചിത്രം ഇതുവരെ 272.80 കോടിയാണ് നേടിയത്.
ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനം ഇന്ത്യയില്‍ 62 കോടി നെറ്റ് നേടിയ ചിത്രം രണ്ടാം ദിവസം 53.50 കോടിയും മൂന്നാം ദിവസം 61 കോടിയും നേടി. ഇതോടെ മൂന്ന് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ 176.50 കോടിയിലെത്തി. ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 211.80 കോടിയാണ്. വിദേശ വിപണിയില്‍ നിന്ന് 61 കോടിയും ചിത്രം നേടിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ കളക്ഷനില്‍ തന്നെ മുന്‍ രണ്ട് 'ദൃശ്യം' ഫ്രാഞ്ചൈസി ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കി. 2015ല്‍ പുറത്തിറങ്ങിയ 'ദൃശ്യം' ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ 23.05 കോടിയാണ് നേടിയത്. 2022ലെ 'ദൃശ്യം 2' 64.14 കോടിയും നേടി. ഇതിനെ അപേക്ഷിച്ച് മൂന്നാം ഭാഗം മൂന്ന് ദിവസം കൊണ്ട് തന്നെ 176.50 കോടി നേടിയിരിക്കുകയാണ്.
മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് വലിയ വിജയമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് വന്‍ ഹിറ്റിലേക്ക് നീങ്ങുന്നത്. ഏതാനും മാറ്റങ്ങളുമായാണ് സിനിമ ബോളിവുഡിലെത്തിയത്. മലയാളത്തിലെ ദൃശ്യം 3നേക്കാള്‍ മികച്ചതാണ് ഹിന്ദി എന്ന അഭിപ്രായമാണ് വരുന്നത്. ഈ കഥയാണ് മോഹന്‍ലാലിനെ വെച്ച് മലയാളത്തില്‍ ചെയ്തിരുന്നതെങ്കില്‍ വേറെ ലെവല്‍ പടം ആയിരുന്നേനെയെന്നും നിരൂപകരടക്കം അഭിപ്രായപ്പെടുന്നു.
അഭിഷേക് പഥക് ആണ് 'ദൃശ്യം ദ കണ്‍ക്ലൂഷന്‍' സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണ്‍, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരണ്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍. തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച ത്രില്ലിങ് അനുഭവമാണ് 'ദൃശ്യം ദ കണ്‍ക്ലൂഷന്‍' സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. തിരക്കഥയും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചതായിരുന്നു. ചിത്രത്തിലെ ട്വിസ്റ്റുകള്‍ ഒട്ടും പ്രവചിക്കാന്‍ കഴിയാത്തവയാണെന്നും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.