ഷാറൂഖോ സല്‍മാനോ ബച്ചനോ അല്ല; ബോളിവുഡിലെ ആ അതിസമ്പന്നന്‍ മറ്റൊരാള്‍
താരപ്പകിട്ടിലും പണക്കൊഴുപ്പിലും മുങ്ങിനില്‍ക്കുന്ന ബോളിവുഡിലെ അതിസമ്പന്നനായ വ്യക്തി ആരാണെന്ന് അറിയാമോ?
പണമൊഴുകുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. കോടികള്‍ മറിയുന്ന സിനിമാ വ്യവസായം. അതില്‍ അഭിനേതാക്കളും നിര്‍മാതാക്കളും വിതരണക്കാരും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാമുണ്ട്. താരപ്പകിട്ടിലും പണക്കൊഴുപ്പിലും മുങ്ങിനില്‍ക്കുന്ന ബോളിവുഡിലെ അതിസമ്പന്നനായ വ്യക്തി ആരാണെന്ന് അറിയാമോ? സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനോ സല്‍മാന്‍ ഖാനോ അമിതാഭ് ബച്ചനോ മറ്റോ ആകും ഒന്നാംനമ്പര്‍ എന്നാണെങ്കില്‍ തെറ്റി. ഭൂഷണ്‍ കുമാര്‍ എന്ന 48കാരനാണ് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ പണക്കാരന്‍.
ആരാണ് ഭൂഷണ്‍ കുമാര്‍ എന്നറിയാമോ? സിനിമാ-സംഗീത-ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് രംഗത്തെ ഒന്നാംനമ്പര്‍ സ്ഥാപനമായ ടി-സീരീസിന്റെ മാനേജിങ് ഡയറക്ടറാണ് ഭൂഷണ്‍ കുമാര്‍. ഈയിടെ പുറത്തിറങ്ങിയ 'ഹൂറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റി'ലാണ് ഭൂഷണ്‍ കുമാര്‍ ബോളിവുഡിലെ അതിസമ്പന്നനായത്.
'ഹൂറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റി'ലെ കണക്ക് പ്രകാരം ബോളിവുഡിലെ അഭിനേതാക്കളുടെ കൂട്ടത്തില്‍ അതിസമ്പന്നന്‍ ഷാറൂഖ് ഖാനാണ്. 10,000 കോടി രൂപയാണ് ഷാറൂഖിന്റെ സമ്പത്ത്. കഴിഞ്ഞ വര്‍ഷം ഇത് 12,490 കോടിയായിരുന്നു. വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും സമ്പന്ന പട്ടികയില്‍ കിങ് ഖാന്‍ തുടരുകയാണ്. അഭിനയത്തിനും പരസ്യവരുമാനത്തിനും പുറമേ സ്വന്തം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്, ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയാണ് ഷാറൂഖ് ഖാന്റെ പണമെത്തുന്ന വഴികള്‍.
രണ്ടാമതുള്ളത് ബോളിവുഡിന്റെ ബിഗ് ബി ആയ അമിതാഭ് ബച്ചനാണ്. 4000 കോടി രൂപയാണ് ബച്ചന്റെ സമ്പത്ത്. അഭിനയം, പരസ്യവരുമാനം, കുടുംബ ബിസിനസ് എന്നിവയാണ് ബച്ചന്റെ വരുമാനമെത്തുന്ന വഴി. അഭിനേതാക്കളില്‍ മൂന്നാം സ്ഥാനത്ത് 3000 കോടി രൂപ സമ്പത്തുമായി സല്‍മാന്‍ ഖാനും നാലാം സ്ഥാനത്ത് 2500 കോടി രൂപ സമ്പത്തുമായി ഹൃത്വിക് റോഷനുമുണ്ട്.
മുന്‍ നിരയിലുള്ള നാല് താരങ്ങളുടെയും ആകെ സമ്പത്ത് 19,500 കോടിയാണ്. എന്നാല്‍, ഭൂഷണ്‍ കുമാറിന്റെ സമ്പത്ത് ഇതിനേക്കാളപ്പുറമാണ്. 36,300 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ലോകമെമ്പാടുമുള്ള പ്രമുഖ ടെക് മേധാവികളുടെ ആസ്തിക്ക് തുല്യമാണ് അദ്ദേഹത്തിന്റേത്. മുകേഷ് അംബാനി നയിക്കുന്ന ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 87ാം സ്ഥാനത്താണ് ഭൂഷണ്‍ കുമാര്‍.
2024ല്‍ 10,500 കോടിയായിരുന്നു ഭൂഷണ്‍ കുമാറിന്റെ ആസ്തി. രണ്ട് വര്‍ഷത്തിനുള്ളിലാണ് സമ്പത്ത് മൂന്നിരട്ടിയിലേറെ വളര്‍ന്ന് 36,300 കോടിയായത്. സമീപകാലത്ത് ടി-സീരീസിന്റെ ബിസിനസുകളില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. 2026ല്‍ മാത്രം റിലീസ് ചെയ്ത മൂന്ന് ടി-സീരീസ് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏകദേശം 700 കോടി രൂപയാണ് നേടിയത്.
ഭൂഷണ്‍ കുമാറിന്റെ പിതാവായ ഗുല്‍ഷന്‍ കുമാറാണ് 1983ല്‍ ടി-സീരീസ് സ്ഥാപിച്ചത്. ബോളിവുഡിലെ സംഗീതമേഖല ടി-സീരീസ് കൈയടക്കി. 1997ല്‍ ഗുല്‍ഷന്‍ കുമാറിനെ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടകള്‍ വെടിവെച്ചു കൊലപ്പെടുത്തി. അന്ന് 19 വയസ്സ് മാത്രമുണ്ടായിരുന്ന ഭൂഷണ്‍ കുമാര്‍ ടി-സീരീസിനെ മുന്നോട്ടുനയിക്കുകയായിരുന്നു. സംഗീത മേഖലയില്‍ നിന്ന് ചലച്ചിത്ര നിര്‍മാണത്തിലേക്കും വിതരണത്തിലേക്കുമെല്ലാം ടി-സീരീസ് ഉയര്‍ന്നത് ഭൂഷണ്‍ കുമാറിന്റെ നേതൃത്വത്തിലാണ്.