ടാറ്റ ഗ്രൂപ്പിന് ആശ്വാസം; പുതിയ പ്രവചനവുമായി എസ്&പി

ടാറ്റ സണ്‍സിന്റെ നേതൃത്വത്തിലോ ഉടമസ്ഥതാ ഘടനയിലോ മാറ്റമുണ്ടായാലും കമ്പനിയുടെ സാമ്പത്തിക നയങ്ങളില്‍ പെട്ടെന്നൊരു വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍

Update: 2026-09-29 12:41 GMT

മുംബൈ: ടാറ്റ ഗ്രൂപ്പില്‍ നേതൃത്വമാറ്റവും ടാറ്റ സണ്‍സിന്റെ ഓഹരി വിപണി പ്രവേശനവും ചര്‍ച്ചയാകുന്നതിനിടെ, ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങനെ ഇത് ഉടന്‍ ബാധിക്കില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്‌സ്.

ടാറ്റ സണ്‍സിന്റെ നേതൃത്വത്തിലോ ഉടമസ്ഥതാ ഘടനയിലോ മാറ്റമുണ്ടായാലും കമ്പനിയുടെ സാമ്പത്തിക നയങ്ങളില്‍ പെട്ടെന്നൊരു വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ടാറ്റ ഗ്രൂപ്പിന്റെ ദീര്‍ഘകാല ചരിത്രവും താരതമ്യേന കരുതലോടെയുള്ള സാമ്പത്തിക മാനേജ്‌മെന്റുമാണ് ഇതിന് പ്രധാന കാരണം.

എന്നാല്‍ ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയാണെങ്കില്‍ കമ്പനിയുടെ സാമ്പത്തിക തീരുമാനങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും. പ്രത്യേകിച്ച് മൂലധനം എങ്ങനെ വിനിയോഗിക്കുന്നു, നിക്ഷേപകര്‍ക്ക് എത്രമാത്രം നേട്ടം നല്‍കുന്നു, സാമ്പത്തികമായി ദുര്‍ബലമായ ഗ്രൂപ്പ് കമ്പനികള്‍ക്ക് എത്രത്തോളം പിന്തുണ നല്‍കുന്നു തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.ഇത്തരം മാറ്റങ്ങള്‍ ഉടന്‍ തന്നെ ക്രെഡിറ്റ് റേറ്റിങ്ങില്‍ പ്രതിഫലിക്കില്ലെങ്കിലും, ദീര്‍ഘകാലത്ത് ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക നയങ്ങളിലും കമ്പനികള്‍ തമ്മിലുള്ള പിന്തുണാ സംവിധാനത്തിലും വലിയ മാറ്റമുണ്ടായാല്‍ അത് വായ്പാ നിലവാരത്തെ ബാധിച്ചേക്കാമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബലിന്റെ വിലയിരുത്തല്‍.

Advertising
Advertising

ടാറ്റ സണ്‍സിന്റെ ഓഹരി വിപണി പ്രവേശനം സംബന്ധിച്ച നീക്കങ്ങളും ഇതിനകം സജീവമാണ്. ടാറ്റ സണ്‍സിന്റെ ബാങ്കിതര ധനകാര്യ സ്ഥാപന പദവി ഒഴിവാക്കണമെന്ന അപേക്ഷ റിസര്‍വ് ബാങ്ക് തള്ളിയതോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്.

അതേസമയം, എന്‍. ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി അഞ്ച് വര്‍ഷത്തേക്ക് കൂടി നിയമിച്ചിട്ടുണ്ട്. ഇതോടെ ടാറ്റ ഗ്രൂപ്പില്‍ നേതൃത്വത്തിലെ തുടര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം, ഭാവിയിലെ ഓഹരി വിപണി പ്രവേശനവും പ്രധാന ചര്‍ച്ചയായി തുടരുകയാണ്. ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ എത്തിയാല്‍ ഗ്രൂപ്പിന്റെ ഭരണരീതി, മൂലധന വിനിയോഗം, നിക്ഷേപകരുമായുള്ള ബന്ധം എന്നിവയില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന്റെ അന്തിമ രൂപവും സമയക്രമവും ഇപ്പോഴും വ്യക്തമായിട്ടില്ല.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News