യുദ്ധം നീണ്ടാല്‍ കോര്‍പ്പറേറ്റുകള്‍ക്കും പണികിട്ടും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്

Update: 2026-09-29 16:54 GMT

മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയും ചെയ്താല്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തില്‍ വലിയ സമ്മര്‍ദമുണ്ടാകുമെന്ന് നോമുറയുടെ വിലയിരുത്തല്‍. യുദ്ധം നീളുന്നതിനനുസരിച്ച് കമ്പനികളുടെ ലാഭം കുറയാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്ന് ് നോമുറ ഇന്ത്യ ഇക്വിറ്റി റിസര്‍ച്ച് മേധാവി സായോണ്‍ മുഖര്‍ജി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ വലിയ അനിശ്ചിതത്വമാണുള്ളതെന്നും അതിനാല്‍ ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുമെന്നും മുഖര്‍ജി പറഞ്ഞു. ആദ്യം പശ്ചിമേഷ്യയിലെ സംഘര്‍ഷം വളരെ പെട്ടെന്ന് അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഘര്‍ഷം നീണ്ടുപോകുന്ന സാഹചര്യത്തില്‍ കമ്പനികളുടെ വരുമാനത്തെ അത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

എണ്ണവിലയാണ് പ്രധാന ആശങ്ക

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്. എണ്ണവില ഉയരുന്നത് കമ്പനികളുടെ ഉല്‍പാദന, ഗതാഗത, പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിപ്പിക്കാം. അതോടൊപ്പം പണപ്പെരുപ്പ സമ്മര്‍ദവും ശക്തമാകാന്‍ സാധ്യതയുണ്ട്.എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കാമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും അമേരിക്കയുടെ തീരുവ നയവും കമ്പനികളെ സ്വാധീനിക്കും.

ഓഹരി വിപണിയിലും അനിശ്ചിതത്വം

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും അമേരിക്കന്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും പുറമെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വില്‍പ്പനയും ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നോമുറ മാര്‍ച്ച് 2027-ലെ നിഫ്റ്റി 50 ലക്ഷ്യം 25,900 ആയി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, എണ്ണവില, തീരുവ നയം തുടങ്ങിയ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കാം.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News