ഒരു മാസത്തിനുള്ളിൽ 3 നവാഗത സംവിധായകരുടെ ചിത്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ സിനിമാ കമ്പനി ; ബേബി ജീൻ നായകനാകുന്ന "അക്ഷരംപ്രതി" പുതിയ ചിത്രം

ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും

Update: 2026-10-05 04:52 GMT
Editor : geethu | Byline : Web Desk

ഒരു മാസത്തിനുള്ളിൽ 3 ചിത്രങ്ങളുടെ നിർമാണം ആരംഭിച്ചു കൊണ്ട് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനി 3 പുതുമുഖ സംവിധായകർക്ക് ആണ് ഒരേസമയം തങ്ങളുടെ 3 ചിത്രങ്ങളിലൂടെ അവസരം നൽകിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചത്. "അക്ഷരംപ്രതി" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബേബി ജീൻ ആണ് നായകനായി എത്തുന്നത്. ബേബി ജീൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും. ചിത്രീകരണം ഉടൻ ആരംഭിക്കും.

Advertising
Advertising

വ്യത്യസ്തമായ പ്രേമേയങ്ങൾ അവതരിപ്പിക്കുന്ന, പുതുമുഖ സംവിധായകർ ഒരുക്കുന്ന 3 ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇപ്പോൾ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ് റാം ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എഡിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയും അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്.

ജിതേഷ് റാം ഒരുക്കുന്ന ഷറഫുദ്ദീൻ നായകനായ ഫാമിലി എൻ്റർടെയ്നർ

ചിത്രത്തിൽ അലൻ ബിൻ സിറാജും പ്രധാന വേഷത്തിലെത്തുന്നു. മൈസൂരിൽ ആരംഭിച്ച ചിത്രം ചിത്രീകരണത്തിൻ്റെ അവസാന ഘട്ടത്തിലാണിപ്പോൾ. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പ്രണയ കഥയാണ് രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന ചിത്രം പറയുന്നത്. കിരൺ കെഎസ് ആണ് ഈ ചിത്രം രചിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത, പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായ ‘നരിവേട്ട’ നിർമിച്ച് കൊണ്ടാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 'നരിവേട്ട’യ്ക്ക് ശേഷം, പ്രതിഭാധനരായ നവാഗതരെ മലയാള സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് കൂടുതൽ മികച്ച ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News