കലോത്സവത്തിൽ ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

കലോത്സവത്തിൽ ബിരിയാണി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രസംഗിച്ചിരുന്നു

Update: 2023-11-16 14:12 GMT
Advertising

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. തുടർന്ന് ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം ജില്ലയിലാണ് നടക്കുക. കലോത്സവത്തിൽ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകുമെന്നും അവർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വ്യക്തമാക്കി.

കുട്ടികൾക്ക്‌ ബിരിയാണി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നായിരുന്നു കോഴിക്കോട്ട് നടന്ന കലോത്സവത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രസംഗിച്ചിരുന്നത്. അടുത്ത തവണ മുതൽ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം നൽകുന്ന കാര്യം പരിഗണിക്കുമെന്നും വെജിറ്റേറിയൻ വേണ്ടവർക്ക് അതും നൽകുമെന്നും പറഞ്ഞിരുന്നു. എല്ലാവരുടെയും ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പക്ഷേ, അതൊന്നും ഇപ്പോൾ പരിഗണിക്കുന്നില്ലെന്നാണ് പുതിയ പ്രതികരണം തെളിയിക്കുന്നത്.

കഴിഞ്ഞ കലോത്സവത്തിൽ 945 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് ജേതാക്കളായത്. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുള്ള തൃശൂരായിരുന്നു മൂന്നാം സ്ഥാനത്ത്. ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടം നേടിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News