പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും: ഡിഎംഒ
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തിലായത് മീഡിയവൺ റിപ്പോര്‍ട്ട് ചെയ്തിരുന്നു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ.എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തിൽ എല്ലാ ദിവസവും ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകൾ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിഎംഒ ഡോ.കെ.ആർ വിദ്യ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ രോഗികളുടെ ദുരവസ്ഥ മീഡിയവൺ പുറത്ത് കൊണ്ടുവന്നിരുന്നു.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്നവർ പ്രതിസന്ധിയിലായിരുന്നു. തലേദിവസം ടോക്കൺ എടുത്താൽ മാത്രമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത് . അടിയന്തര ചികിത്സ ആവശ്യമുള്ളവർ ജില്ലയ്ക്ക് പുറത്തെ സർക്കാർ ആശുപത്രികൾ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ .
സാധാരണക്കാർക്ക് ചികിത്സ തേടാൻ പാലക്കാട് ഏക ആശ്രയം ജില്ലാ ആശുപത്രിയാണ് . ഇവിടെയാണ് അധികൃതരുടെ ഗുരുതരമായ അനാസ്ഥകൾ തുടരുന്നത് . ഹൃദ്രോഗ വിഭാഗത്തിൽ രണ്ട് കാർഡിയോളജിസ്റ്റൻ്റെയും രണ്ട് അസിസ്റ്റൻറ് സർജൻമാരുടെയും സേവനം ആവശ്യമാണ് . ഈ സ്ഥാനത്ത് ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത് . കാർഡിയോളജി ചീഫ് കൺസൾട്ടന്റ് തസ്തിക ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയാണ് . തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് കാർഡിയോളജി ഒ പി ഉള്ളത് . ഇതിന് തലേദിവസം തന്നെ വന്ന് ടോക്കൺ എടുക്കണം. ഒരു ദിവസം 80 ടോക്കണുകൾ ആണ് നൽകുക .ഇതിൽ ചെറിയ ശതമാനമാണ് ഓൺലൈനിൽ ലഭിക്കുക. പുലർച്ച വരെ കാത്തു നിന്നിട്ടും ടോക്കൺ കിട്ടാതെ രോഗികൾക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട് . ഇനി ഹൃദയാഘാതം ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങൾ വന്നാൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരും.
കാർഡിയോളജി വിഭാഗത്തിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട നിരവധി പരാതികൾ പോയിട്ടുണ്ട് . എന്നാൽ ബന്ധപ്പെട്ട അധികൃതർ അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ല . സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഹൃദ്രോഗ ചികിത്സകൾ സാധാരണക്കാർക്ക് താങ്ങാൻ ആവില്ല .ഇതിനിടെ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തത് രോഗികൾക്ക് ഇരുട്ടടിയായിരുന്നു. ഡോക്ടര്‍മാരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിഎംഒ. ഓഫീസ് ഉപരോധിച്ചിരുന്നു.