ഓർക്കാട്ടേരി സ്ത്രീധന പീ‍ഡന മരണം; കേസിൽ കുറ്റപത്രം സമർപ്പിച്ചു

  • '120 പവൻ സ്വർണാഭരണം നൽകിയായിരുന്നു ഷബ്നയുടെ വിവാഹം'

Update: 2024-06-16 13:08 GMT

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു.‌ ഭർതൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2023 ഡിസംബർ നാലിനാണ് നെല്ലാച്ചേരി ഹബീബിൻറെ ഭാര്യ ഷബ്നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിലെ മാനസികവും ശാരീരികവുമായ പീഡനമാണ് ഷബ്നയുടെ ആത്മഹത്യക്ക് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവിന്റെ അമ്മാവൻ ഹനീഫാണ് ഒന്നാം പ്രതി.

ഭർത്താവിന്റെ മാതാപിതാക്കളായ ഇല്ലത്ത് താഴകുനി നബീസ, മുഹമ്മദ്, ഭർതൃ സഹോദരി ഓർക്കാട്ടേരി കല്ലേരി അഫ്സത്ത് എന്നിവരാണ് മറ്റ് പ്രതികൾ.

Advertising
Advertising

'120 പവൻ സ്വർണാഭരണം നൽകിയാണ് ഷബ്നയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭർതൃ വീട്ടിൽ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ഷബ്‌നയും ഭർത്താവും മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചിരുന്നു. ഇതിനായി തന്റെ സ്വർണാഭരണം തിരികെ വാങ്ങാൻ ഭർത്താവിന്റെ വീട്ടിലെത്തിയ ഷബ്നയെ ഒന്നാം പ്രതി ഹനീഫ മർദിച്ചു.' എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടയിൽ ഷബ്‌നയുടെ ഫോൺ ഹനീഫ അടിച്ച് തെറിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 78 പേജുള്ളതാണ് കുറ്റപത്രം. 38 സാക്ഷികളുമുണ്ട്. ഷബ്നയെ മർദിക്കുന്നതുൾപ്പെടെയുള്ള വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. എടച്ചേരി എസ്.ഐ കിരൺ ആദ്യ ഘട്ടത്തിൽ അന്വേഷിച്ച കേസ് പിന്നീട് വടകര ഡി.വൈ.എസ്.പി.ക്ക് കൈമാറിയിരുന്നു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News