പൂഞ്ഞാറിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങളിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു

Update: 2024-03-06 16:26 GMT
Advertising

കോട്ടയം: പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് ഈരാറ്റുപേട്ടയിലെ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്ലസ് ടു വിദ്യാർത്ഥികളായ കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിനെ പാർവതീകരിച്ച് സാമുദായ സംഘർഷം ആക്കി മാറ്റാനാണ് തല്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

അത്തരം പ്രവർത്തികൾക്ക് പരോക്ഷമായി പിന്തുണ നൽകുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ മുഴുവൻ ജനങ്ങളുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന പിൻവലിക്കണമെന്നും വിവിധ സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

അൻവർ അലിയാർ (മുസ്‌ലിം ലീഗ്), പി.ഐ. ഇബ്രാഹിം (ജമാഅത്തെ ഇസ്‌ലാമി), ഹാഷിം പുളിക്കീൽ (മർക്കസ് ദഅവ), പി.എച്ച്. ജാഫർ(കെഎൻഎം), നൗഫൽ ബാഖവി (ലജനത്തുൽ മുഅല്ലിമീൻ), നിഷാദ്(പിഡിപി), സക്കീർ എം എസ് (വിസ്ഡം), വി.എം. ഷെഹീർ (വെൽഫെയർ പാർട്ടി) എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങളിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പ്രതികരണം.

ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. എന്നാൽ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ ഹുസൈൻ മടവൂരിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഹുസൈൻ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവർ തെറ്റായ ധാരണ വച്ചുപുലർത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News