'എല്ലാരും കൂടി എന്നെ അടിക്കുവാ ഉമ്മാന്ന് ഓള് പറഞ്ഞതാ'; ഷെബിനയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ ഷെബിന തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല

Update: 2023-12-08 07:11 GMT

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ വടകര സ്വദേശി ഷെബിനയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മർദിച്ചിരുന്നതായി നേരത്തേ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

വലിയ രീതിയിലുള്ള പീഡനങ്ങൾ ഷെബിന ഭർതൃവീട്ടിൽ സഹിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷെബിനയുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.

Advertising
Advertising

വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷെബിന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നതും.

ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭർതൃവീട്ടുകാർ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നൽകാൻ ഇവർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച ശേഷം ഷെബിനയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോർച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്നാണ് ബന്ധുക്കളുടെ അറിയിച്ചിരിക്കുന്നത്.

പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ ഷെബിന തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു.

Full View

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനയെ ഹബീബിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. 

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഷബീബിന്റെ ഉമ്മ പീഡനം തുടങ്ങിയതായി ഷെബിനയുടെ ബന്ധു അഷ്‌റഫ് പറയുന്നു. ഷെബിനയെ വീട്ടിൽ നിന്ന് പുറത്താക്കാനായിരുന്നു ഇവരുടെ നീക്കം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News